കൊളംബോ- ശ്രീലങ്കയിൽ പാർലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവിട്ടു.
മഹേന്ദ്ര രജപക്‌സെയെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള സിരിസേനയുടെ ഉത്തരവിനെ തുടർന്ന് ശ്രീലങ്കയിൽ രാഷ്ട്രീയ അസ്ഥിരത ഉടലെടുത്തിരുന്നു. പ്രസിഡന്റിന്റെ ഉത്തരവ് അംഗീകരിക്കാനും സ്ഥാനം ഒഴിയാനും അധികാരം കൈമാറാനും റനിൽ വിക്രമസിംഗെ തയ്യാറായില്ല. തുടർന്നാണ് 225 അംഗ പാർലമെന്റ് പിരിച്ചുവിടാനും തെരഞ്ഞെടുപ്പ് നടത്താനും സിരിസേന ഉത്തരവിട്ടത്. രജപക്‌സെക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലമില്ലെന്ന് അദ്ദേഹത്തിന്റെ പാർട്ടി വ്യക്തമാക്കിയിരുന്നു.
രണ്ടാഴ്ചയായി ശ്രീലങ്കയിൽ ഇത് സംബന്ധിച്ച വിവാദം കനക്കുകയാണ്. ഇതര ലോക രാഷ്ട്രങ്ങളും ലങ്കയിലെ രാഷ്ട്രീയ നീക്കങ്ങളെ ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചുവരുന്നത്.
തെരഞ്ഞെടുപ്പ് ജനുവരിയുടെ ആദ്യ പാദത്തിൽ നടക്കുമെന്നാണ് സൂചന. ഇക്കഴിഞ്ഞ 26 നാണ് രജപക്‌സെയെ പ്രധാനമന്ത്രിയായി നിയമിച്ച് സിരിസേന ഉത്തരവിട്ടത്.