ചെന്നൈ- "സര്‍ക്കാര്‍' ചിത്രത്തിലെ വിവാദ രംഗങ്ങള്‍ തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രിന്റുകളില്‍നിന്ന് നീക്കി. ഇന്നലെ മാറ്റിനിക്ക് തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ വിവാദ രംഗങ്ങള്‍ നീക്കിയ ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്. കേരളമുള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ ഇതു ബാധകമാകില്ലെന്ന് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ചിത്രത്തിന്റെ സംവിധായകന്‍ എ.ആര്‍ മുരുഗദോസിനെ 27 വരെ അറസ്റ്റ് ചെയ്യരുതെന്ന് തമിഴ്‌നാട് പോലീസിനോട് കോടതി നിര്‍ദേശിച്ചു. സിനിമയിലെ ഏതാനും സീനുകളോട് എതിര്‍പ്പ് പ്രകടിപ്പിച്ച് ഭരണ കക്ഷിയായ എഐഎഡിഎംകെയിലെ ചില മന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധം കനത്തപ്പോള്‍ മുരുഗദോസ് കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജിയിലാണ് അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള വിധി വന്നിരിക്കുന്നത്.
ചിത്രത്തില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ അപമാനിക്കുന്ന തരത്തിലുള്ള സീനുകള്‍ ഉണ്ടെന്ന് എ.ഐ.എ.ഡി.എം.കെ ആരോപിച്ചിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ പല സേവന പദ്ധതികളേയും സിനിമയില്‍ വിമര്‍ശിക്കുന്നുണ്ടെന്നും അതു ജനങ്ങളെ പ്രകോപിതരാക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.
രാഷ്ട്രീയ സൂചനകളുള്ള രംഗങ്ങളുടെ പേരില്‍ സര്‍ക്കാരിനെതിരായ അണ്ണാ ഡിഎംകെയുടെ പ്രതിഷേധം തെരുവിലേക്കു പടര്‍ന്നതോടെയാണ് ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കാന്‍ തീരുമാനമായത്. സംവിധായകന്‍ എ.ആര്‍.മുരുഗദോസിന്റെ വീട്ടില്‍ വ്യാഴാഴ്ച രാത്രി വൈകി പോലീസ് പരിശോധനയ്‌ക്കെത്തിയിരുന്നു. ഇതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കു സംവിധായകന്‍ കോടതിയെ സമീപിക്കുകയും ചെയ്തു.
മുരുഗദോസിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി അംഗീകരിച്ചുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. സംവിധായകന്‍ എ.ആര്‍ മുരുഗദോസിന്റെ വീട്ടില്‍ പോലീസ് എത്തിയിരിക്കുന്നെന്നും അദ്ദേഹത്തിന്റെ അറസ്റ്റാണ് ലക്ഷ്യമെന്നും ചിത്രത്തിന്റെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ട്വീറ്റ് ചെയ്തിരുന്നു.