Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം പാട്ടത്തിന് നല്‍കുന്നു

ന്യുദല്‍ഹി- തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഉള്‍പ്പെടെ രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ പൊതു, സ്വകാര്യ പങ്കാളിത്തതോടെ (പി.പി.പി) വികസിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി പാട്ടത്തിന് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മംഗളുരു, അഹ്മദാബാദ്, ജയ്പൂര്‍, ലഖ്‌നൗ, ഗുവാഹത്തി എന്നീ വിമാനത്തവളങ്ങളാണ് പാട്ടത്തിന് നല്‍കുന്നത്. ഈ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ തത്വത്തില്‍ അനുമതി നല്‍കി. വിമാനത്താവള വികസനം, നടത്തിപ്പ്, ഭരണനിര്‍വഹണം എന്നിവ ഇനി പി.പി.പി വ്യവസ്ഥയില്‍ ആയിരിക്കും. നിലവില്‍ ഈ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി, ദല്‍ഹി, മുംബൈ, ബെംഗളുരു, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതാണ് കൂടുതല്‍ വിമാനത്താവളങ്ങളെ പി.പി.പി വ്യവസ്ഥയില്‍ വികസിപ്പിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

പൊതു, സ്വകാര്യ സംയുക്ത സംരഭങ്ങളിലൂടെ ഇവ ലോകോത്തര നിലവാരത്തിലുള്ള  വിമാനത്താവളങ്ങളായി മാറിയിട്ടുണ്ട്. ഇത് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ)യുടെ വരുമാനം വര്‍ധിക്കാനും രാജ്യത്തിന്റെ മറ്റിടങ്ങളിലെ വിമാനത്താവള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സര്‍ക്കാരിനെ സഹായിച്ചിട്ടുണ്ടെന്നും വ്യോമയാന മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

നിലവില്‍ എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം വിമാനത്താവളത്തില്‍ കൂടി സ്വകാര്യവല്‍ക്കരണം നടക്കുന്നതോടെ കേരളത്തിലെ നാലു വിമാനത്താവളങ്ങളില്‍ മൂന്നും സ്വാകര്യ പങ്കാളിത്തത്തിലാകും. കരിപ്പൂര്‍ വിമാനത്താവളം എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നേരിട്ട് നടത്തുന്നതാണ്. സ്വകാര്യ പങ്കാളിത്തതോടെ ആരംഭിച്ച കേരളത്തിലെ ആദ്യ വിമാനത്താവളമായ കൊച്ചി രാജ്യത്തു തന്നെ മുന്‍നിരയിലെത്തിയത് വളരെ ചുരുങ്ങിയ കാലയളവിലാണ്. ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളും ഈ മാതൃകയിലാണ്.

പി.പി.പി സംരഭങ്ങളിലൂടെ കുടുതല്‍ പ്രൊഫഷണലിസവും വൈദഗ്ധ്യവും കാര്യക്ഷമതയും കൊണ്ടുവരാന്‍ കഴിയുമെന്നും സര്‍ക്കാര്‍ പറയുന്നു. അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഇതു മികച്ച രീതിയാണെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
 

Latest News