ന്യൂദൽഹി- സ്ഥാനാർഥികൾക്ക് എതിരെയുള്ള ക്രിമിനൽ കേസുകളെ കുറിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിനുള്ള ചെലവ് തെരഞ്ഞെടുപ്പ് ചെലവായി കണക്കാക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ ചെലവ് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും വഹിക്കേണ്ടി വരുമെന്നും കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. സ്ഥാനാർഥികൾ തങ്ങൾക്കെതിരായ ക്രിമിനൽ കേസുകൾ പരസ്യപ്പെടുത്തണമെന്ന് സുപ്രീം കോടതി മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. ഇത് മാധ്യമങ്ങൾ വഴി പരസ്യപ്പെടുത്താനുള്ള ചെലവ് തെരഞ്ഞെടുപ്പ് ചെലവായി കണക്കാക്കുമെന്നാണ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്. അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർഥിക്ക് 20 ലക്ഷം മുതൽ 28 ലക്ഷം വരെയാണ് ചെലവഴിക്കാനാവുക. എന്നാൽ പാർട്ടികൾക്ക് പരിധി നിശ്ചയിച്ചിട്ടില്ല.
നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം ക്രിമിനൽ കേസുകളിൽ മാറ്റമുണ്ടായാൽ അക്കാര്യം റിട്ടേണിങ് ഓഫീസറെ അറിയിക്കുകയും അത് പരസ്യപ്പെടുത്തുകയും വേണം.
തെരഞ്ഞെടുപ്പിന് മുൻപ് സ്ഥാനാർഥികൾ കേസുകളുടെ വിവരങ്ങൾ നിർബന്ധമായും വെളിപ്പെടുത്തണമെന്ന് സെപ്റ്റംബർ 25 ന് സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിന്റെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകണം. സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം പാർട്ടികൾ വെളിപ്പെടുത്തണമെന്നും അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. രാഷ്ട്രീയ പാർട്ടികൾ വെബ്‌സൈറ്റുകളിൽ സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം പ്രദർശിപ്പിക്കണം, മാധ്യമങ്ങൾ മുഖേന സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം പരസ്യപ്പെടുത്തണം തുടങ്ങിയ മാർഗനിർദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിരുന്നത്.