കോഴിക്കോട്- മന്ത്രി കെ ടി ജലീലിന്റെ ബന്ധു നിയമനകാര്യത്തിൽ നടപടിയെടുക്കുന്നത് സി.പി.എമ്മിന് തലവേദനയായി മാറും. മന്ത്രി ഇ.പി ജയരാജൻ ബന്ധു നിയമനം നടത്തിയപ്പോൾ മന്ത്രി സ്ഥാനത്തുനിന്നുള്ള രാജി ആവശ്യപ്പെട്ടതുപോലെ, ഇക്കാര്യത്തിൽ അത്തരമൊരു നിലപാടിലേക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സി.പി.എം നീങ്ങുമോയെന്നുള്ളതാണ് ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തോടെ അറിയുക. കാരണം പൊന്നാനിയിൽ ലോക്‌സഭാ സ്ഥാനാർഥിയായി കെ.ടി ജലീലിനെ രംഗത്തിറക്കണമെന്ന ഏകദേശ ധാരണയിലായിരുന്നു ഇടതുമുന്നണി.
മുസ്‌ലിം ലീഗിന് തങ്ങളുടെ കൈയിൽ നിന്ന് വഴുതിമാറുമോയെന്ന് പേടിയുള്ള ലോക്‌സഭാ മണ്ഡലമാണ് പൊന്നാനി. ഇ.ടി മുഹമ്മദ് ബഷീറിന്റെ വ്യക്തിപ്രഭാവംകൊണ്ടുമാത്രം ഇപ്രാവശ്യം കാര്യങ്ങൾ സുരക്ഷിതമാകില്ലെന്ന വിലയിരുത്തലാണ് ലീഗിനുള്ളത്.
പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിൽ മൂന്നെണ്ണത്തിലും സി.പി.എമ്മും സി.പി.എം സ്വതന്ത്രരുമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. നാലു മണ്ഡലങ്ങളിൽ മാത്രമാണ് യുഡിഎഫിൽ ലീഗും കോൺഗ്രസും വിജയച്ചത്. ഇതിൽ തന്നെ തഴക്കംചെന്ന സ്ഥാനാർഥികളായിട്ടും തിരൂരങ്ങാടിയിൽ മുൻ മന്ത്രി പി.കെ അബ്ദുറബ്ബ് 6043 വോട്ടിനും തിരൂരിൽ സി. മമ്മുട്ടി 7061 വോട്ടിനുമാണ് ജയിച്ചത്.
കോട്ടക്കലിൽ ആബിദ് ഹുസൈൻ കോയതങ്ങൾ മാത്രമാണ് 15042 വോട്ടുകളുടെ ഭൂരിപക്ഷം നേടിയത്. ഇതിൽ വലിയ മാറ്റമില്ലാതെ തുടർന്നാൽ തങ്ങൾക്ക് മണ്ഡലം പിടിച്ചെടുക്കാമെന്ന രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുകയായിരുന്നു ഇടതുമുന്നണി.
ഇതിന്റെ ഭാഗമായാണ് തവനൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ.ടി ജലിലീനെ ഇ.ടി മുഹമ്മദ് ബഷീറിനെതിരെ മത്സരിപ്പിക്കണമെന്ന ആലോചന ജില്ലാതലത്തിൽ തന്നെ സജീവമായത്.
എന്നാൽ ബന്ധുനിയമനവിവാദത്തോടുകൂടി സി.പി.എമ്മിനു മുന്നിൽ ജലീൽ വൻ തലവേദനയായി മാറിയിരിക്കുകയാണ്. മൂന്നുവർഷമായി നല്ല പ്രതിച്ഛായ ഉള്ള മന്ത്രിയെന്നതാണ് പുതിയ വിവാദത്തോടെ ജലീലിന് നഷ്ടപ്പെട്ടിരിക്കുന്നത്. ഇത്തരമൊരു സന്ദർഭത്തിൽ ജലീലിനനെതിരെ എന്തെങ്കിലും നടപടി എടുത്താൽ അത് പൊന്നാനി പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തെയായിരിക്കും ബാധിക്കുക. എന്നാൽ നടപടി എടുത്തില്ലെങ്കിൽ ബ്രൂവറി വിവാദത്തിൽ ടി.പി രാമകൃഷ്ണനെ സംരക്ഷിച്ചതുപോലെ അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്ന യു.ഡി.എഫ്, ബി.ജെ.പി പ്രചാരണത്തിന് വലിയ വോരോട്ടം കിട്ടുമെന്നതിനെയും സി.പി.എം ഭയക്കുന്നു. പ്രത്യേകിച്ച് ജലീലിന്റെ സ്ഥാനാർഥിത്വത്തിന് ഏറ്റവും വലിയ വെല്ലുവിളിയായ ബന്ധുനിയമനം മുസ്‌ലിം ലീഗ് വരുംകാലത്ത് സജീവവിഷയമായി ഉയർത്തിക്കൊണ്ടുവരും.
ഇതുകൊണ്ടാണ് വിഷയം കോടതിയിലെത്തട്ടെ എന്ന നിലപാടിലേക്ക് മന്ത്രിയും സിപിഎമ്മും എത്തുന്നത്. ഇപ്പോഴുള്ള കോലാഹലം കെട്ടടങ്ങുകയും കോടതിയിൽ ന്യുനപക്ഷ ധനകാര്യകോർപ്പറേഷൻ ഒരു സ്റ്റാറ്റിയൂട്ടറി ബോഡിയായതിനാൽ സ്വന്തമായി നിയമനം നടത്താൻ അധികാരമുണ്ടെന്ന് കാണിച്ച് നടപടികളിൽ നിന്ന് രക്ഷപ്പെടാമെന്നുമാണ് കണക്കൂകൂട്ടുന്നത്. മന്ത്രി കെ.ടി ജലീൽ ആദ്യം മുതൽ കോടതിയിൽപോയി കേസുകൊടുക്കാൻ യൂത്ത്‌ലീഗിനെ വെല്ലുവിളിച്ചതും ഇതുകൊണ്ടാണ്.
ഇന്നലെ കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ ന്യൂനപക്ഷ ധനകാര്യകോർപ്പറേഷൻ ചെയർമാൻ കൂടിയായ ഐ.എൻ.എൽ നേതാവ് പ്രൊഫ. അബ്ദുൽ വഹാബും നിയമനത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാമെന്ന നിലപാട് വ്യക്തമാക്കിയതും ഇതുകൊണ്ടാണ്. എന്നാൽ സി.പി. എം ഇക്കാര്യത്തിൽ വ്യത്യസ്തമായ നിലപാടിലേക്ക് നീങ്ങുമോയെന്നുള്ളത് ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തോടുകൂടിയാണ് വ്യക്തമാവുക.