ന്യുദല്‍ഹി- ഇന്തൊനേഷ്യയില്‍ ലയണ്‍ എയര്‍ വിമാനം കടലില്‍ തകര്‍ന്നു വീണു കാണാതായ പശ്ചാത്തലത്തില്‍ ഇതേ വിമാനം ഉപയോഗിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്തൊനേഷ്യയില്‍ കടലിലേക്ക് കൂപ്പുകുത്തിയത് ബോയിങ് 737 മാക്‌സ് വിമാനമാണ്. ഈ ഗണത്തില്‍പ്പെട്ട ആറോളം വിമാനങ്ങളാണ് ഇന്ത്യയില്‍ പറക്കുന്നത്. ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് ജെറ്റ് എന്നീ വിമാന കമ്പനികളുടേതാണിത്. ഇന്തൊനേഷ്യയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബോയിങ് 737 മാക്‌സ് വിമാനം പറത്തുന്ന കമ്പനികള്‍ മുന്‍കരുതലുകളെടുക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ വ്യോമയാന മേഖലയുടെ ഉന്നതാധികാര സ്ഥാപനമായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ മൂന്ന് ദിവസം മുമ്പ് പ്രത്യേക മുന്നറിയിപ്പു നിര്‍ദേശം നല്‍കിയിരുന്നു. ബോയിങ് കമ്പനിയും ഇതു സംബന്ധിച്ച് ബുള്ളറ്റിന്‍ ഇറക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ഈ രണ്ടു വിമാന കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയത്.
ബോയിങ് 737 മാക്‌സ് വിമാനങ്ങളില്‍ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ പരിശോധിച്ച് പരിഹാര നടപടികള്‍ എടുക്കണമെന്നാണ് നിര്‍ദേശം. ഇല്ലെങ്കില്‍ ഉയരത്തില്‍ നിന്നും പൊടുന്നനെ കൂപ്പുകുത്തുന്ന അപകടം ഉണ്ടാകാമെന്നും ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബോയിങ് 737 മാക്‌സ് വിമാനങ്ങളില്‍ വിമാനസുരക്ഷാ സംവിധാനത്തിന്റെ ഭാഗമായ ആംഗ്ള്‍ ഓഫ് അറ്റാക്ക് (AoA) സെന്‍സറുകളില്‍ നിന്ന് തെറ്റായ വിവങ്ങള്‍ വരാനുള്ള സാധ്യത കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ബോയിങ് പ്രത്യേക ബുള്ളറ്റിന്‍ ഇറക്കി പ്രശ്‌ന പരിഹാരത്തിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. യുഎസ് ഏജന്‍സിയും ബോയിങും ഇക്കാര്യം ചൂണ്ടിക്കാട്ടിയത് ഡി.ജി.സി.എ വൃഞ്ഞങ്ങളും ആവര്‍ത്തിച്ചു.