നർമദ തീരത്ത് മോഡി സർക്കാർ നിർമിച്ച സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയാണല്ലോ എല്ലായിടത്തും ചർച്ചാ വിഷയം. 3000 കോടി രൂപ മുടക്കി ഇതുണ്ടാക്കുന്നതിന് പകരം ഇത്ര ഐ.ഐ.ടിയും ഐ.ഐ.എമ്മും കാർഷിക പദ്ധതികളും നടപ്പാക്കാമായിരുന്നില്ലേ എന്നാണ് എല്ലാവരുടേയും ചോദ്യം. അതവിടെ നിൽക്കട്ടെ. മറ്റൊരു ആക്ഷേപവും ഉയർന്നു കേട്ടു. പട്ടേലിന്റെ പ്രതിമ നിർമിച്ചു വന്നപ്പോൾ അത് മുൻ പ്രധാനമന്ത്രി ദേവഗൗഡയുടേതായി പോയെന്നാണ് പരിഹാസം. കുഴപ്പമില്ല.
അതൊരു ഓർമപ്പെടുത്തലായി കണക്കാക്കിയാൽ മതി. കോൺഗ്രസും ബി.ജെ.പിയുമല്ലാതെ ഇന്ത്യ ഭരിച്ച പ്രധാനമന്ത്രിമാരിൽ ശ്രദ്ധേയനായിരുന്നു ദേവഗൗഡ. കൊച്ചു കൊച്ചു പാർട്ടികൾ ചേർന്നുള്ള ഐക്യമുന്നണി അധിക കാലം നിലനിന്നില്ലെങ്കിലും അതൊരു മികച്ച മാതൃകയായിരുന്നു. ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യവും ആവശ്യപ്പെടുന്നത് അത് പോലെ ഒരെണ്ണമാണ്. യു.പിയിലെ വലിയ പാർട്ടികളായ സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും ഉൾപ്പെടുന്ന വിശാല സഖ്യം. ഈ രണ്ട് കക്ഷികളും കോൺഗ്രസിനൊപ്പം യു.പിയിൽ മത്സരിക്കാനുള്ള സാധ്യത തീരെ കുറവാണുതാനും. പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിൽക്കട്ടെ. ഏറ്റവും വലിയ കക്ഷി തൃണമൂലാണെങ്കിൽ മമതാ ബാനർജി പ്രധാനമന്ത്രിയായി എല്ലാവർക്കും അനുകൂലിക്കാം. കോൺഗ്രസ് വലിയ കക്ഷിയായി വരികയാണെങ്കിൽ മറ്റു കക്ഷികൾ ചേർന്ന് അവരെ പിന്തുണക്കുകയും ചെയ്യട്ടെ.
കഴിഞ്ഞ ദിവസം പുറത്തു വന്ന കർണാടകയിലെ ഫലം ഒരു ചൂണ്ടുപലകയാണ്. ജനതാദളും കോൺഗ്രസും ഒരുമിച്ച് നിന്നപ്പോൾ ബി.ജെ.പിയെ പൊടിപോലുമില്ല കണ്ടുപിടിക്കാനെന്ന പരുവത്തിലായി. ഇത് ക്വാർട്ടർ ഫൈനൽ. ഇനി ഇത് അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് സെമി ഫൈനൽ മത്സരങ്ങൾ നടക്കാൻ പോകുന്നു. അടുത്ത മാസം പാതിയാവുമ്പോഴേക്ക് ഫലങ്ങളെല്ലാം പുറത്ത് വന്ന് ഇന്ത്യയുടെ രാഷ്ട്രീയ ഭാവി എന്താണെന്ന് എല്ലാവർക്കും ബോധ്യമാവും.
ഉടൻ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോവുന്ന അഞ്ചിടങ്ങളിൽ ബിജെപിക്ക് ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനമാണ് മധ്യപ്രദേശ്. 15 വർഷമായി ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ കോൺഗ്രസ് ആധിപത്യം ഉണ്ടാക്കും എന്ന ചില സർവേ ഫലങ്ങളാണ് ബിജെപിയുടെ ഉറക്കം കെടുത്തുന്നത്. ഹിന്ദിയുടെ ഹൃദയ ഭൂമിയായ മധ്യപ്രദേശിൽ തിരിച്ചടിയേൽക്കുന്നതിനെക്കുറിച്ച് ബിജെപിക്ക് ചിന്തിക്കാനേ കഴിയില്ല. സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടാൽ അത് രാജ്യത്ത് മൊത്തത്തിൽ പ്രതിഫലിക്കുമെന്ന് ബിജെപി ഭയപ്പെടുന്നു.
നവംബർ 28 നാണ് മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ്. ഒന്നര പതിറ്റാണ്ടായി അധികാരത്തിലുള്ള സംസ്ഥാനത്ത് ഇത്തവണ കോൺഗ്രസ് വിജയം നേടുമെന്ന് സൂചന വന്നതോടെയാണ് മധ്യപ്രദേശിൽ ബിജെപി കൂടുതൽ ശ്രദ്ധ ഫലിപ്പിക്കുന്നത്. വ്യാപം അഴമതി, മന്ദ്‌സൗർ പ്രക്ഷോഭം തുടങ്ങിയവ ബിജെപിയുടെ ജനപ്രീതിയിൽ വൻ ഇടിവുണ്ടായിട്ടുണ്ട്.
മധ്യപ്രദേശിൽ പരാജയപ്പെട്ടാൽ 2019 ൽ അത് പ്രതിഫലിക്കുമെന്നെ കാര്യം ഉറപ്പാണ്. യുപിയിലും മധ്യപ്രദേശിലും നേടിയ വലിയ വിജയങ്ങളായിരുന്നു 2014 ൽ ബിജെപിയെ അധികാരത്തിൽ എത്തിക്കുന്നതിൽ നിർണ്ണായകമായിരുന്നത്. യുപിയിൽ 71 സീറ്റുകൾ നേടിയപ്പോൾ മധ്യപ്രദേശിൽ 29 ൽ 26 എണ്ണവും ബിജെപി നേടിയിരുന്നു.
മധ്യപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. കോൺഗ്രസിലെ പടലപ്പിണക്കങ്ങളിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ഭരണ വിരുദ്ധ വികാരം രാജസ്ഥാനിലും മധ്യപ്രദേശിലും വളരെ ശക്തമാണ്. രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്താനുള്ള സാധ്യത ഏറെയാണ്.
ഇതിന് വിരുദ്ധമായി മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി ഭൂരിപക്ഷം നേടിയാൽ അത് പ്രധാനമന്ത്രിയുടെ വിജയമായി കണക്കാക്കും. അങ്ങനെയാണെങ്കിൽ 2019 ൽ പ്രതിപക്ഷ ഐക്യം വന്നാലും ബിജെപി തന്നെ അധികാരത്തിലെത്തും. കർഷക പ്രശ്‌നങ്ങൾ, എസ്‌സി എസ്ടി വിവാദം എന്നിവ വഴി തിരിച്ച് വിടാനും സർക്കാരിന് സാധിക്കും. ഇതോടൊപ്പം ശിവരാജ് സിംഗ് ചൗഹാൻ നാലാമത് തവണയും മധ്യപ്രദേശിൽ മുഖ്യമന്ത്രിയാവുകയും ചെയ്യും.
മധ്യപ്രദേശിൽ കോൺഗ്രസ് വിജയിച്ചാൽ അത് വലിയ നേട്ടമാണ് അവർക്ക് ഉണ്ടാക്കുക. പ്രതിപക്ഷ ഐക്യം ഇടഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ, കോൺഗ്രസിന് വിജയിക്കാനായാൽ മഹാസഖ്യത്തെ മുന്നിൽ നിന്ന് നയിക്കാൻ രാഹുൽ ഗാന്ധിക്ക് സാധിക്കും. എല്ലാ പാർട്ടികളെയും ഇതിന്റെ ഭാഗമാക്കാനും സാധിക്കും. കോൺഗ്രസില്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമാകില്ലെന്ന മുന്നറിയിപ്പും ഇതോടൊപ്പം നൽകാം. പുറം തിരിഞ്ഞ് നിൽക്കുന്ന മായാവതിയും മമതാ ബാനർജിയും ഇതോടെ സഖ്യത്തിന്റെ ഭാഗമാകും.
മധ്യപ്രദേശിൽ നിലവിലെ സാധ്യതകൾ വിലയിരുത്തിയാൽ കോൺഗ്രസിന് മുൻതൂക്കമുണ്ട്. ഒരു തോൽവി ഇരുപാർട്ടികൾക്കും താങ്ങാനാവില്ല. ബിജെപി തോൽക്കുകയാണെങ്കിൽ ഇതുവരെ നേടിയ സംസ്ഥാനങ്ങൾ ഓരോന്നും പിന്നാലെ നഷ്ടമാകും. കോൺഗ്രസ് തോറ്റാൽ 15 വർഷമായി ഭരിക്കുന്ന ഒരു പാർട്ടിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ പറ്റാത്തവരെന്ന ചീത്തപ്പേര് ലഭിക്കും. ഇത് പ്രതിപക്ഷ നിരയിലെ സുപ്രധാന കക്ഷി എന്ന കോൺഗ്രസിന്റെ സാധ്യതയെ ചോദ്യം ചെയ്യുന്നതുമാണ്.
രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഒന്നായി അണിനിരന്നാൽ ബിജെപിയെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് ഈ വർഷം ആദ്യം നടന്ന ചില ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വ്യക്തമാക്കിയിരുന്നു. അതിനെ ഒന്നു കൂടി അരക്കിട്ടു ഉറപ്പിക്കുന്നതാണ് കർണാടകയിലെ ഫലം. ഗോരഖ്പുരിൽ നിന്നായിരുന്നു പ്രതിപക്ഷ ഐക്യത്തിന്റെ ചൂടിൽ ബിജെപിക്ക് ആദ്യമായി പൊള്ളലേറ്റത്. 28 വർഷം സംഘപരിവാറിന്റെ കുത്തക മണ്ഡലമായിരുന്ന, 19 വർഷം യോഗി ആദിത്യനാഥ് ലക്ഷങ്ങളുടെ ഭൂരിപപക്ഷത്തിൽ വിജയിച്ച മണ്ഡല െപ്രതിപക്ഷം പിടിച്ചെടുത്തപ്പോൾ ബിജെപിക്കത് കനത്ത തിരിച്ചടിയായി.
സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയായിരുന്ന പ്രവീൺ കുമാറിനെ ബിഎസ്പി പരസ്യമായും കോൺഗ്രസ് രഹസ്യമായും പിന്തുണച്ചപ്പോൾ 28 വർഷങ്ങൾക്ക് ശേഷം ആദ്യമായി മണ്ഡലത്തിൽ ബിജെപിക്ക് അടിപതറുന്നതാണ് കണ്ടത്.
ദക്ഷിണേന്ത്യയിൽ തെലുങ്കാന ഉൾപ്പെടെ അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ചതാണ് കർണാടകയിലെ ഉപ തെരഞ്ഞെടുപ്പ് ഫലങ്ങൾ. മൂന്ന് ലോക്‌സഭാ സീറ്റിലേക്കും രണ്ട് നിയമസഭാ സീറ്റിലേക്കുമായിരുന്നു ഉപതെരഞ്ഞെടുപ്പ്.
ഇതിൽ രണ്ട് ലോക്‌സഭാ സീറ്റും രണ്ട് നിയമസഭാ സീറ്റും കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം സ്വന്തമാക്കിയത് ചെറിയ നേട്ടമല്ല.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഈ രണ്ട് കക്ഷികളും പരസ്പരം പോരടിച്ചതാണല്ലോ. ഏറ്റവും വിലയ ഒറ്റക്കക്ഷിയായ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാതെ വന്നപ്പോൾ മന്ത്രിസഭയുണ്ടാക്കാൻ അമിത് ഷാ പറന്നിറങ്ങിയതൊന്നും മറക്കാറായിട്ടില്ല. തെരഞ്ഞെടുപ്പിന് ശേഷമാണ് രണ്ടു കക്ഷികളും ഒരുമിച്ച് മന്ത്രിസഭയുണ്ടാക്കിയത്. ശിവമോഗ സീറ്റിൽ മുൻ ബിജെപി മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ യെദിയൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്രയുടെ വിജയം മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്.
2004 മുതൽ ബി.ജെ.പി വിജയിച്ചിരുന്ന ബെല്ലാരി ലോക്‌സഭാ സീറ്റിൽ വൻ ഭൂരിപക്ഷത്തിൽ മണ്ഡലത്തിനു പുറത്തു നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി വി.എസ്. ഉഗ്രപ്പ വിജയിച്ചത് പണ്ടു കാലത്ത് മഞ്ചേരിയിലും പൊന്നാനിയിലും ലീഗ് സ്ഥാനാർഥികൾ ജയിക്കുന്നത് പോലെയാണ്.
സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും നയിച്ച രാഷ്ട്രീയ ചാണക്യ നീക്കമാണ് പണക്കൊഴുപ്പിൽ ബി.ജെ.പിക്ക് ഭരണം സമ്മാനിച്ചിരുന്ന ബെല്ലാരി ബ്രദേഴ്‌സിന്റെ സാമ്ര്യാജ്യം തകർത്ത് കോൺഗ്രസിന് മിന്നുന്ന വിജയം സമ്മാനിച്ചത്. കർണാടകയിൽ ശക്തമായി തിരിച്ചു വരാമെന്ന ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷകളെയാണ് ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തല്ലിക്കെടുത്തിയത്.
കേന്ദ്ര സർക്കാർ നടപ്പാക്കിയ ഏറ്റവും വലിയ പരിഷ്‌കാരമായ നോട്ട് റദ്ദാക്കലിന്റെ വാർഷിക വേളയാണിത്. ഇതിലൂടെ കൈവരിച്ച നേട്ടം പറഞ്ഞ് വോട്ടർമാരെ അഭിമുഖീകരിക്കാനാവില്ല. റഫാൽ ഇടപാട് കത്തിനിന്നപ്പോഴാണ് അയോധ്യ വീണ്ടും സജീവമായത്. ദക്ഷിണേന്ത്യക്കാർക്കായി ശബരിമലയിലെ സ്ത്രീപ്രവേശ വിവാദവും.
ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് ഇന്ത്യയുടെ ബാങ്കിംഗ് രംഗം കടന്നു പോകുന്നത്. കേന്ദ്ര ബാങ്കിന്റെ കരുതൽ ധനശേഖരമെന്തെന്ന് അറിയാൻ സാമ്പത്തിക ശാസ്ത്രത്തിൽ ഗവേഷണ ബിരുദമെടുക്കേണ്ട കാര്യമൊന്നുമില്ല. മറ്റു ബാങ്കുകളുടെയെല്ലാം അമ്മയാണ് കേന്ദ്ര ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മക്കൾക്കാർക്കെങ്കിലും എന്തെങ്കിലും പ്രശ്‌നം നേരിട്ടാൽ സഹായിക്കാൻ അമ്മയ്ക്ക് സാധിക്കും. അതിനാണ് കരുതൽ ധനശേഖരം. ഇതിൽ കൈവെച്ച് കളിക്കാൻ നോക്കിയപ്പോഴാണ് ആർബിഐയും കേന്ദ്ര സർക്കാരും അകന്നത്. മോഡി സർക്കാർ നിയോഗിച്ച ഗവർണർ ഊർജിത് പട്ടേലിന് പോലും ഇടയേണ്ടി വന്നു.
ഏത് നിലയ്ക്കും അടുത്ത പൊതു തെരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. പ്രതിപക്ഷ പാർട്ടികൾ യോജിപ്പോടെ പ്രവർത്തിച്ചാൽ പ്രതിസന്ധി മറി കടക്കാനാവുമെന്നതിൽ സംശയമില്ല.