Sorry, you need to enable JavaScript to visit this website.

ചരിത്രത്തിലാദ്യമായി തദ്ദേശീയ അമേരിക്കന്‍ വനിതകള്‍ യുഎസ് കോണ്‍ഗ്രസില്‍

വാഷിങ്ടണ്‍- യുഎസ് പാര്‍ലമെന്റായ കോണ്‍ഗ്രസിന്റെ ഇരുസഭകളിലേക്കും നടന്ന ഇടക്കാല തെരഞ്ഞെടുപ്പ് ഇത്തവണ പലചരിത്രങ്ങള്‍ക്കും സാക്ഷിയായി. കുടിയേറ്റക്കാരായ രണ്ട് മുസ്ലിം വനിതകള്‍ ആദ്യമായി കോണ്‍ഗ്രസിന്റെ അധോസഭയായ ഹൗസ് ഓഫ് റെപ്രസന്റേറ്റിവ് (ജനപ്രതിനിധി സഭ)ലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടൊപ്പം ചരിത്രത്തിലാദ്യമായി അമേരിക്കയിലെ തദ്ദേശീയ ഗോത്രത്തില്‍പ്പെട്ട രണ്ടു വനിതകളും ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഡെമോക്രാറ്റിക്‌സ് പാര്‍ട്ടി നേതാക്കളായ ഷിറിസ് ഡേവിഡ്‌സ്, ഡെബ് ഹോളന്‍ഡ് എന്നിവരാണ് ഇവര്‍. യുഎസ് ജനസംഖ്യയില്‍ രണ്ടു ശതമാനം മാത്രമെ തദ്ദേശിയര്‍ ഉള്ളൂ. കന്‍സസില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 38കാരിയായ ഡേവിഡ്‌സ് അഭിഭാഷകയും മുന്‍ അയോധനകലാ താരവുമാണ്. പരമ്പരാഗതമായി യാഥാസ്ഥികരോട് ചേര്‍ന്ന് നില്‍ക്കുന്ന സംസ്ഥാനത്ത് ഇവര്‍  പരസ്യ സ്വവര്‍ഗാനുരാഗിയുമാണ്. 57കാരിയായ ഹോളന്‍ഡ് ന്യൂ മെക്‌സിക്കോയില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ കോണ്‍ഗ്രസിലേക്കും ഗവര്‍ണര്‍ പദവികളിലേക്കും സംസ്ഥാന സഭകളിലേക്കും റെക്കോര്‍ഡ് എണ്ണം തദ്ദേശീയ ഗോത്രവര്‍ക്കാരാണ് മത്സരിച്ചിരുന്നത്. എന്നാല്‍ ഇവര്‍ രണ്ടു പേര്‍ക്കു മാത്രമെ ജയിക്കാനായുള്ളൂ.
 

Latest News