Sorry, you need to enable JavaScript to visit this website.

നോട്ട് നിരോധനത്തിന് രണ്ടു വര്‍ഷം: ഇതുവരെ സംഭവിച്ചത് എന്ത്, കള്ളനോട്ടുകള്‍ എവിടെ?

ന്യൂദല്‍ഹി- രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തളര്‍ത്തിയ നോട്ടു നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്നത്തേക്ക് രണ്ടു വര്‍ഷം. കള്ളപ്പണം തുടച്ചു നീക്കാനെന്ന പേരില്‍ 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച നോട്ടു നിരോധനം കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിട്ടതൊന്നും നടന്നില്ല എന്നതിനു പുറമെ വ്യവസായ, കാര്‍ഷിക, നിര്‍മ്മാണ രംഗങ്ങളില്‍ കടുത്ത പ്രതിസന്ധി ഉടലെടുക്കുകയും ചെയ്തിരുന്നു. ഒരു പ്രഖ്യാപനത്തിലൂടെ ഇന്ത്യയിലെ 86 ശതമാനം കറന്‍സിയും അസാധുവായത് സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. സമ്പദ് ഘടനയെ തകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്തതിന് പ്രധാനമന്ത്രി മോഡി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാജ്യത്തുടനീളം കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

ജനം പെരുവഴിയില്‍
അപ്രതീക്ഷിത നീക്കത്തിലൂടെ വിപണിയിലുള്ള 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ പൊടുന്നനെ രാജ്യത്ത് നോട്ട് ക്ഷാമം രൂക്ഷാമയതാണ് ആദ്യ പ്രത്യാഘാതം. പൊതുജനം ശരിക്കും ദുരിതം പേറി. ബാങ്കുകളില്‍ തിരക്കേറി. മണിക്കൂറുകളോളം ജനങ്ങള്‍ക്ക് ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുമ്പില്‍ വരി നില്‍ക്കേണ്ടി വന്നു. കറന്‍സി അഭാവം കച്ചവട സ്ഥാപനങ്ങളേയും ചെറുകിട വ്യവസായങ്ങളേയും നേരിട്ടു ബാധിച്ചു. ബിസിനസുകള്‍ പ്രതിസന്ധിയിലായി. ഇത് സമ്പദ് വ്യവസ്ഥയെ ബാധിച്ചതോടെ സാമ്പത്തിക വളര്‍ച്ച 1.5 ശതമാനത്തോളം ഇടിഞ്ഞു. ചെറുകിട വ്യവസായങ്ങളേയാണ് നോട്ടു നിരോധനം കാര്യമായി ബാധിച്ചത്. ഒമ്പതു മാസം പിന്നിട്ടിട്ടും പല സംരംഭങ്ങളും വന്‍ നഷ്ടത്തിലേക്ക് കൂപ്പു കുത്തി.

ബാങ്കിനു മുന്നില്‍ മരിച്ചു വീണവര്‍
ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കു മുമ്പില്‍ വരിനിന്ന് മരിച്ചു വീണത് 115 പേരാണ്. പിന്‍വലിച്ച നോട്ടുകള്‍ക്കു പകരം റിസര്‍വ് ബാങ്ക് 2000, 500 രൂപാ നോട്ടുകള്‍ പുതുതായി ഇറക്കി. എന്നാല്‍ ഈ നോട്ടുകളുടെ വിതരണം അതീവ മന്ദഗതിയിലായിരുന്നു. എന്നാല്‍ നോട്ടുകള്‍ എടിഎമ്മുകളില്‍ നേരാംവണ്ണം ലഭ്യമാകാന്‍ ഒമ്പതു മാസമാണ് എടുത്തത്. എടിഎമ്മുകളുടെ നോട്ടു തട്ടിന്റെ വലിപ്പം പുതിയ നോട്ടുകളുടെ വലിപ്പത്തിനനുസരിച്ച് ക്രമീകരിക്കാന്‍ കാലതാമസമുണ്ടായതാണ് ഇതിനൊരു കാരണം. 

50 ദിവസം, ഒന്നും ശരിയായില്ല
50 ദിവസം കൊണ്ട് എല്ലാ ശരിയാകുമെന്നായിരുന്നു മോഡിയുടെ പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ഈ 50 ദിവസത്തിനിടെ 74 വിജ്ഞാനപനങ്ങളാണ് നോട്ടു നിരോധനം നടപ്പിലാക്കുന്നതു സംബന്ധിച്ച് ഇറക്കിയിരുന്നത്. ദിവസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി, അസാധു നോട്ടുകള്‍ തിരിച്ചു നല്‍കുമ്പോള്‍ സമര്‍പ്പിക്കേണ്ട രേഖ എന്നിവയടക്കം നിരവധി അറിയിപ്പുകളാണ് വന്നുകൊണ്ടിരുന്നത്. അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങള്‍ നേരിട്ടതോടെ ഇവയില്‍ പലതും തിരുത്തേണ്ടി വന്നു.

കള്ളനോട്ടിന് പിന്നീട് എന്തു സംഭവിച്ചു? 
അസാധു നോട്ടുകള്‍ 99 ശതമാനവും റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തി. നോട്ടു നിരോധനത്തിലൂടെ സാധ്യമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കള്ളനോട്ട് ഉന്മൂലനം എന്ന ലക്ഷ്യം അസാധു നോട്ടുകളുടെ 99 ശതമാനവും റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തിയതോടെ പൊള്ളവാദമാണെന്ന് തെളിഞ്ഞു. ഇതോടെ പ്രതിപക്ഷം സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാക്കി. 2016 നവംബര്‍ എട്ടിന് നോട്ട് നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ വിപണിയിലുണ്ടായിരുന്ന 15.42 ലക്ഷം കോടിയുടെ കറന്‍സിയാണ് അസാധുവായത്. 2017-18 വര്‍ഷത്തെ വാര്‍ഷിക റിപോര്‍ട്ട് പ്രകാരം 15.31 ലക്ഷം കോടി രൂപയുടെ അസാധു നോട്ടുകളും റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തിയിട്ടുണ്ട്. മൂന്ന് ലക്ഷം കോടി രൂപയെങ്കിലും കള്ളപ്പണമായി ഉണ്ടെന്നും ഇവ തിരിച്ചെത്തില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ വാസ്തവത്തില്‍ തിരിച്ചുവരാന്‍ ബാക്കിയുള്ളത് വെറും 10,720 കോടി രൂപയുടെ അസാധു നോട്ടുകള്‍ മാത്രമാണ്. 

ഇന്ത്യയില്‍ വിപണിയിലുള്ള നോട്ടുകളില്‍ ഏകദേശം 400 കോടി രൂപയുടെ കള്ളനോട്ടുകളുണ്ടെന്നാണ് കൊല്‍ക്കത്തയിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കണക്കുകള്‍ പറയുന്നത്. നോട്ടു നിരോധനത്തിനു ശേഷം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പിടിക്കപ്പെട്ടത് 58.3 കോടി രൂപയുടെ കള്ളനോട്ടുകള്‍. നിരോധിച്ച 15.42 ലക്ഷം കോടിയുടെ നോട്ടുകളുടെ 99 ശതമാനവും തിരിച്ചെത്തിയ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കേവലം 0.0034 ശതമാനം മാത്രമാണ്. അതായത് നോട്ടുനിരോധനം ഇല്ലാതെ തന്നെ ഇതിലധികം കള്ളനോട്ടുകള്‍ പിടിക്കപ്പെടുന്നു. അപ്പോള്‍ നോട്ടു നിരോധനത്തിലൂടെ പിടികൂടുമെന്ന പറഞ്ഞ കള്ളനോട്ടുകള്‍ എവിടെ എന്ന ചോദ്യം ബാക്കിയാകുന്നു.
 

Latest News