തൂനിസ്- തുടർച്ചയായി രണ്ട് തവണ ചോദ്യോത്തരവേളയിൽ ഹാജരാകാത്ത മന്ത്രിക്ക് പകരം ടുണീഷ്യൻ പാർലമെന്റിൽ പാവയെ പ്രതിഷ്ഠിച്ച് എം.പിയുടെ രോഷപ്രകടനം. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി മുഹമ്മദ് അൽത്വറാബിൽസിന്റെ അഭാവത്തിൽ ഇമാദ് ഔലാദ് ജിബ്രീൽ എം.പി ആണ് മന്ത്രിയെന്ന് സങ്കൽപ്പിച്ച് പാവയെ അഭിസംബോധന ചെയ്തത്. 260 കിലോമീറ്റർ അകലെ നിന്നാണ് താൻ ചോദ്യോത്തരവേളയിൽ പങ്കെടുക്കാൻ സഭയിലെത്തിയതെന്ന് ഇമാദ് ജിബ്രീൽ രോക്ഷാകുലനായി. തുടർച്ചയായി മന്ത്രി സഭയിലെത്താത്തത് പാർലമെന്റിനെ അവഹേളിക്കലാണെന്ന് ഇദ്ദേഹം കുറ്റപ്പെടുത്തി. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രാലയം നിലവിൽ കളിക്കളമാണെന്നതും തന്റെ വേറിട്ട പ്രതിഷേധത്തിന് പിന്നിലുണ്ടെന്നും എം.പി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.