ബംഗളൂരു- ബെല്ലാരിയിലെ ഖനി ഭീമന്‍ ജി. ജനാര്‍ദന്‍ റെഡ്ഡി കൈക്കൂലിക്കേസില്‍ ഒളിവില്‍ പോയതായി പോലീസ്. റെഡ്ഡി ഒളിവിലാണെന്നും കേസില്‍ ചോദ്യം ചെയ്യാനായി പോലീസ് തിരയുകയാണെന്നും ബംഗളൂരു പോലീസ് കമ്മീഷണര്‍ ടി.സുനീല്‍ കുമാര്‍ അറിയിച്ചു. 18 കോടിയുടെ കൈക്കൂലി കേസില്‍ സെന്‍ട്രല്‍ െ്രെകം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്.
യെദ്യൂരപ്പ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന റെഡ്ഡി ഉള്‍പ്പെട്ട അംബിഡെന്റ് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമക്ക് ജാമ്യം ലഭിക്കുന്നതിന് 18 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ജനാര്‍ദന്‍ റെഡ്ഡിയുടെ സഹായിക്ക് കൈക്കൂലി പണം കൈമാറിയതിന് പോലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു.
നൂറുകണക്കിന് നിക്ഷേപകരെ കബളിപ്പിച്ച് 600 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് അംബിഡെന്റ് ഗ്രൂപ്പ് കമ്പനിയുടമ സയ്യിദ് അഹ്മദ് ഫരീദിനെതിരെയുണ്ടായിരുന്ന കേസ്. ബംഗളൂരുവിലെ ഒരു ഹോട്ടലില്‍ വെച്ചുള്ള കൂടിക്കാഴ്ചയില്‍ ജനാര്‍ദന്‍ റെഡ്ഡി തന്നെ സഹായിക്കാമെന്ന് ഉറപ്പ് നല്‍കിയതായി പോലീസിന്റെ ചോദ്യം ചെയ്യലില്‍ സയ്യിദ് അഹ്മദ് ഫരീദ് പറഞ്ഞിരുന്നു.
ജനാര്‍ദന്‍ റെഡ്ഡിയേയും അലിഖാനേയും പിടികൂടാന്‍ പോലീസ് നോക്കിയെങ്കിലും സാധിച്ചില്ലെന്നും ഇരുവരും ഒളിവിലാണെന്നും ബംഗളൂരു പോലീസ് പറഞ്ഞു.