ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുള്ള വടംവലി മൂര്‍ഛിച്ചിരിക്കേ, ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഉര്‍ജിത് പട്ടേല്‍ 19 ന് രാജി സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ട്. 19 ന് നടക്കാനിരിക്കുന്ന ബോര്‍ഡ് യോഗത്തില്‍ രാജി സമര്‍പ്പിച്ചേക്കുമെന്ന് പട്ടേലുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മണിലൈഫ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
മൂന്നു വിഷയങ്ങളിലാണ് ആര്‍.ബി.ഐയും സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂപപ്പെട്ടത്. ആര്‍.ബി.ഐയുടെ കരുതല്‍ ധനത്തില്‍നിന്ന് കൂടുതല്‍ തുക സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണ് ഇതില്‍ ഒടുവിലത്തേത്. ആര്‍.ബി.ഐയുടെ കരുതല്‍ ധനത്തില്‍നിന്ന് 3.6 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യം ആര്‍.ബി.ഐ നിരസിച്ചു.
ഹൗസിംഗ്, ഫിനാന്‍സിംഗ് കമ്പനികള്‍ തകരുന്നത് ഒഴിവാക്കാന്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് കൂടുതല്‍ പണം ലഭ്യമാക്കുക, തകരാന്‍ സാധ്യയുള്ള ബാങ്കുകളെ അതില്‍നിന്ന് രക്ഷിക്കാനായി ആര്‍.ബി.ഐ ആവിഷ്കരിച്ച പി.സി.എ ചട്ടങ്ങളില്‍ ഇളവു വരുത്തുക എന്നിവയാണ് മറ്റുള്ളവ.
അതിനിടെ, ധനമന്ത്രി പറയുന്നത് അനുസരിക്കാന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നിലപാട് കോണ്‍ഗ്രസിനെ വെട്ടിലാക്കി. 2014 ല്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിലാണ് സിംഗ് ഇക്കാര്യം പറഞ്ഞത്. ധനമന്ത്രി എപ്പോഴും മുകളിലാണെന്നും അദ്ദേഹത്തെ അനുസരിക്കാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മകള്‍ ദാമന്‍ സിംഗ് എഴുതിയ സ്ട്രിക്ട്‌ലി പേഴ്‌സനല്‍: മന്‍മോഹന്‍ ആന്റ് ഗുരുദര്‍ശന്‍ എന്ന പുസ്തകത്തിലാണ് പരാമര്‍ശമുള്ളത്. റിസര്‍വ് ബാങ്കിനെതിരായ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിച്ചിരിക്കെയാണ് ഡോ. സിംഗിന്റെ അഭിപ്രായം പുറത്തുവന്നത്. റിസര്‍വ് ബാങ്കുമായുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഡോ. മന്‍മോഹന്‍ സിംഗ് ഇതുവരെ പ്രതികരിച്ചിരുന്നില്ല.