തായിഫ് - എലിമെന്ററി സ്കൂളിൽ വിദ്യാർഥിക്ക് പരിക്കേറ്റതിൽ വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണം നടത്തുന്നു. അൽഖിയം ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന എലിമെന്ററി സ്കൂളിലാണ് സംഭവം. വിദ്യാർഥിയുടെ തലയോട്ടിയിൽ പൊട്ടലുണ്ട്. തന്നെ അത്യാവശ്യമായി സ്കൂളിലേക്ക് വിളിച്ചുവരുത്തി പരിക്കേറ്റ മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സ്കൂൾ അധികൃതർ ആവശ്യപ്പെടുകയായിരുന്നെന്ന് വിദ്യാർഥി യൂസുഫ് അഹ്മദ് അൽഅവാജിയുടെ പിതാവ് പറഞ്ഞു.
പ്രിൻസ് മൻസൂർ മിലിട്ടറി ആശുപത്രി അത്യാഹിത വിഭാഗത്തിൽ നടത്തിയ സ്കാനിംഗിൽ തലയോട്ടിയിൽ പൊട്ടലുള്ളതായി വ്യക്തമായി. ഇതേ തുടർന്ന് വിദഗ്ധ ചികിത്സക്ക് അൽഹദയിലെ സായുധ സേനാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് നടത്തിയ സ്കാനിംഗിലും തലയോട്ടിയിൽ പൊട്ടൽ കണ്ടെത്തി. ഏതു വിധേനെയാണ് മകന് പരിക്കേറ്റതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ പിതാവ് വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നൽകി.
അന്വേഷണം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് അറിയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മകന് പരിക്കേറ്റത് എങ്ങിനെയാണെന്ന് വ്യക്തമാക്കണമെന്നും സംഭവത്തിന് കാരണക്കാരായ മുഴുവൻ പേർക്കുമെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും സൗദി പൗരൻ അഹ്മദ് അൽഅവാജി വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.