Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് കമല്‍ ഹാസന്‍

ചെന്നൈ- അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ അയോഗ്യരാക്കിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ 20 നിയമസഭാ മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന ഉപ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ മക്കള്‍ നീതി മയ്യം ഒരുക്കമാണെന്ന് പാര്‍ട്ടി സ്ഥാപകനും നടനുമായ കമല്‍ ഹാസന്‍ പ്രഖ്യാപിച്ചു. 64ാം പിറന്നാള്‍ ദിവസമായിരുന്നു കമലിന്റെ പ്രഖ്യാപനം. ഉപതെരഞ്ഞെടുപ്പ് എപ്പോള്‍ നടക്കുമെന്ന് അറിയില്ല. എന്നാല്‍ അതു നടക്കുമ്പോള്‍ മത്സരിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്-കമല്‍ പറഞ്ഞു. വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടുകയാണ്- അദ്ദേഹം പറഞ്ഞു. 

പുറത്താക്കപ്പെട്ട ടിടിവി ദിനകരന് പിന്തുണ പ്രഖ്യാപിച്ച 18 വിമത അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി കഴിഞ്ഞ മാസം മദ്രാസ് ഹൈക്കോടതി ശരിവച്ചിരുന്നു. ഇവരുടെ മണ്ഡലങ്ങള്‍ക്കു പുറമെ അന്തരിച്ച മുന്‍ ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയുടെ മണ്ഡലമായ തിരുവരൂര്‍, അന്തരിച്ച അണ്ണാ ഡി.എം.കെ നേതാവ് എ.കെ ബോസിന്റെ മണ്ഡലമായ തിരുപരന്‍കുണ്ടറം എന്നീ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല. ഫെബ്രുവരിയിലാണ് കമല്‍ ഹാസന്‍ മക്കള്‍ നീതി മയ്യം എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. 
 

Latest News