മഞ്ചേരി- പൂക്കോട്ടൂര്‍ മൈലാടിയില്‍ ക്വാറി തൊഴിലാളിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ പോയ പ്രതിയെ മംഗലാപുരത്ത് നിന്നും അറസ്റ്റ് ചെയ്തു. തൊടുപുഴ സ്വദേശി പിണക്കാട്ട് സെബാസ്റ്റ്യന്‍ എന്ന കുട്ടിയച്ചന്‍(81) ആണ് അറസ്റ്റിലായത്. 1991-ല്‍ മണ്ണാര്‍ക്കാട് സ്വദേശി പറക്കല്‍ മുരളി (28) എന്നയാളെയാണ് കുട്ടിയച്ചന്‍ കൊലപ്പെടുത്തിയത്. ക്വാറിയില്‍ ഒന്നിച്ചു ജോലി ചെയ്തിരുന്നവരായിരുന്നു ഇരുവരും. ഇതിനിടെ തുച്ഛമായ സംഖ്യയുടെ സാമ്പത്തിക ഇടപാടിനെ ചൊല്ലി ഇരുവരും വഴക്കുണ്ടായതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ക്വാറിക്കടുത്തുള്ള ചായക്കടക്ക് മുന്‍വശം വെച്ചാണ് പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ഉളികൊണ്ട് കുട്ടിയച്ചന്‍ മുരളിയെ നെഞ്ചിന് കുത്തി കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ കൊല്ലപ്പെട്ട മുരളിക്ക് 28 വയസ്സും പ്രതിക്ക് 54 വയസ്സുമായിരുന്നു പ്രായം.
കൊല നടത്തിയ ഉടന്‍ ഓടിപ്പോകുകയും കോഴിക്കോട് വഴി മംഗലാപുരത്തെത്തുകയായിരുന്നെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി. പിന്നീട് പല പേരുകളില്‍ വിവിധ ജോലികള്‍ ചെയ്തു കഴിഞ്ഞു വരികയായിരുന്നു. 30 വര്‍ഷത്തോളമായി കുടുംബവുമായും ബന്ധമില്ല. സെബാസ്റ്റ്യന്‍, കുട്ടിയച്ചന്‍, കുട്ടപ്പന്‍, ബാബു, മുഹമ്മദ്, ബാലു എന്നിങ്ങനെ പല പേരുകളിലാണ് ഇയാള്‍ പലയിടത്തും ജോലി നോക്കിയത്. ഇയാളെ പിടികൂടാന്‍ പോലീസ് നിരവധി തവണ പ്രതേക അന്വേഷണസംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ പോലീസിന് ഒരു വിവരവും ലഭിച്ചിരുന്നില്ല.
മംഗലാപുരത്ത് ഇയാള്‍ താമസിച്ചു വരുന്ന വാടക മുറിയുടെ ഉടമയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച് പിടിയിലായതോടെയാണ് ഈ കൊലപാതക കേസിലും തുമ്പ് ലഭിച്ചത്. സ്ഥിരം മദ്യപാനിയായ പ്രതി ഈയിടെ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇയാള്‍ താമസിച്ചിരുന്ന വാടക മുറിയില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ ഉടമ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ക്വാറിയില്‍ ഉപയോഗിക്കുന്ന വെടിമരുന്നും തിരകളും ഉപയോഗിച്ച് ബോംബ് നിര്‍മ്മിച്ച് ഉടമയുടെ വീട്ടിലേക്ക് എറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ചതിന് മംഗലാപുരം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
മലപ്പുറം സിഐ എന്‍.ബി. ഷൈജു, എസ്‌ഐ ജലീല്‍ കറുത്തേടത്ത്, സ്പഷ്യല്‍ സ്‌ക്വാഡ് അംഗം പി. മുഹമ്മദ് സലീം എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.