ന്യൂദല്‍ഹി- പി.എന്‍.ബി തട്ടിപ്പുകേസില്‍ വജ്രവ്യാപാരി നീരവ് മോഡിയുടെ 56 കോടിയിലേറെ വില വരുന്ന 11 ആസ്തികള്‍ കണ്ടുകെട്ടി. ദുബായിലുള്ള ആസ്തികളാണ് കണ്ടുകെട്ടിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേതാണ് നടപടി. നീരവ് മോഡിയുടെയും ഫയര്‍സ്റ്റാര്‍ ഡയമണ്ട് കമ്പനിയുടെയും ഉടമസ്ഥതയിലുള്ളതാണ് 7.79 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ വിപണി മൂല്യമുള്ള ആസ്തികളെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
കഴിഞ്ഞമാസം നീരവിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള 637 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടിയിരുന്നു. ന്യൂയോര്‍ക്കിലുള്ള രണ്ട് അപ്പാര്‍ട്ടുമെന്റുകള്‍ അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്.
6400 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തിയെന്നാണ് നീരവ് മോഡിക്കെതിരായ കുറ്റപത്രത്തിലെ ആരോപണം. രാജ്യംകണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് നടത്തിയശേഷം നീരവ് മോദി രാജ്യംവിട്ടു.