ന്യൂദല്‍ഹി- സി.ബി.ഐ ഡയറക്ടര്‍ പദവിയില്‍ നിന്ന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച അലോക് വര്‍മ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ മുന്‍പാകെ ഹാജരായി. സി.ബി.ഐയിലെ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനക്കെതിരായ അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കുന്ന കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ മുമ്പാകെ ഹാജരായ വര്‍മ്മ, തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ചു.
തന്റെ പ്രവര്‍ത്തനങ്ങളെല്ലാം ജനതാല്‍പര്യം മുന്‍നിര്‍ത്തി മാത്രമാണെന്നു അദ്ദേഹം കമ്മീഷന്‍ മുമ്പാകെ അറിയിച്ചു. വിരമിച്ച സുപ്രീം കോടതി ജഡ്ജി എ.കെ പട്‌നായികിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് സി.ബി.ഐ മേധാവികള്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നത്.
മാംസ കയറ്റുമതി വ്യാപാരി മുഈന്‍ ഖുറേഷിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് വര്‍മക്കെതിരായ പ്രധാന ആരോപണം. ഈ കേസില്‍ ഹൈദരാബാദ് സ്വദേശി സതീഷ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടിയെങ്കിലും അലോക് വര്‍മ നിഷേധിച്ചെന്നും അസ്താന ആരോപിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അസ്താന കാബിനറ്റ് സെക്രട്ടറിക്കും സി.വി.സിക്കും കത്തയച്ചിരുന്നു.
എന്നാല്‍, മുഈന്‍ ഖുറേഷിക്കെതിരായ കേസുകള്‍ അട്ടിമറിക്കാന്‍ അസ്താനയാണ് കൈക്കൂലി വാങ്ങിയതെന്നാണ് അലോക് വര്‍മയുടെ പരാതി. സംഭവം അന്വേഷിക്കുന്നതിനിടെ അസ്താനയെ ഒന്നാം പ്രതിയായി സി.ബി.ഐ കേസെടുക്കുകയും രണ്ടാം പ്രതിയായ സി.ബി.ഐയിലെ ഡിവൈ.എസ്.പിയും അസ്താനയുടെ അടുത്തയാളുമായ രാജേന്ദര്‍കുമാറിനെ അറസ്റ്റ്‌ചെയ്യുകയുമുണ്ടായി. നടപടി അസ്താനയിലേക്കു നീങ്ങവെയാണ് അര്‍ധരാത്രി നാടകീയമായി അലോക് വര്‍മയെയും അസ്താനയെയും കേന്ദ്ര സര്‍ക്കാര്‍ നീക്കിയത്.
പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റിസും അടങ്ങുന്ന സമിതിക്കു മാത്രമെ സി.ബി.ഐ മേധാവിയെ മാറ്റാനും നിയമിക്കാനും അധികാരമുള്ളൂ എന്നിരിക്കെ, സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് അലോക് വര്‍മ നല്‍കിയ ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ കേസ് പരിഗണിക്കവെയാണ് അലോക് വര്‍മക്കെതിരായ അന്വേഷണങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.
--