അയോധ്യ- ഉത്തര്‍ പ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് ഇനി മുതല്‍ അയോധ്യ എന്നായിരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. അയോധ്യയില്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷപരിപാടിയിലാണ് അപ്രതീക്ഷിത പ്രഖ്യാപനം. ചരിത്ര പ്രശസ്തമായ അലഹാബാദ് നഗരത്തിന്റെ പേര് പ്രയാഗ് രാജ് എന്നാക്കിയതിനു പിന്നാലെയാണ് പുതിയ പേരുമാറ്റം. അയോധ്യയില്‍ രാമന്റെ പേരില്‍ പുതിയ വിമാനത്താവളവും ദശരഥ രാജാവിന്റെ പേരില്‍ മെഡിക്കല്‍ കോളെജും സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ദക്ഷിണ കൊറിയന്‍ പ്രഥമ വനിത കിം ജുങ് സൂക്കും മുഖ്യമന്ത്രിക്കൊപ്പം ആഘോഷത്തില്‍ പങ്കെടുത്തു. ഹുര്‍ രാജ്ഞിയുടെ സ്മാരകം അയോധ്യയില്‍ ഇരുവരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. അയോധ്യയിലെ രാജകുമാരിയായ സുരിരത്‌നയെ രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് കൊറിയന്‍ രാജാവ് കിം സുരോയെ വിവാഹം ചെയ്ത് ഹുര്‍ ഹ്വാങ് ഓകെ രാജ്ഞിയായി മാറിയതാണെന്ന് വിശ്വസിക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും 151 മീറ്റര്‍ ഉയരമുള്ള രാമ പ്രതിമാ നിര്‍മ്മാണവും സംഘ പരിവാര്‍ സംഘടനകള്‍ ഉന്നയിച്ചു വരുന്നതിനിടെയാണ് അയോധ്യയില്‍ വച്ച് ഫൈസാബാദ് ജില്ലയുടെ പേരു മാറ്റം ആദിത്യനാഥ് പ്രഖ്യാപിച്ചത്.
Linkages that go beyond time!
— Raveesh Kumar (@MEAIndia) November 6, 2018
First Lady of Republic of Korea, Mrs Kim Jung-sook at the ground breaking ceremony of Queen Hur Memorial Park with @myogiadityanath in Ayodhya. Princess Suriratna from Ayodhya married King Kim-Suro, and became Queen Hur Hwang-ok in the year 48 AD. pic.twitter.com/XedR4F7XEe