ബെംഗളുരു- കര്‍ണാടകയിലെ മൂന്ന് ലോകസഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിച്ച് നാലിടത്തും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ജയിച്ചു. കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം രൂപംകൊണ്ട് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ഒരുമിച്ച് ബി.ജെ.പിക്കെതിരെ പൊരുതിയ ആദ്യ തെരഞ്ഞെടുപ്പാണിത്.
ഷിമോഗ-ബി.ജെ.പിക്ക് ഒരേ ഒരു ലോക്‌സഭാ സീറ്റില്‍ മാത്രമെ ജയിക്കാനായുള്ളു. ഷിമോഗയില്‍ ബി.വൈ രാഘവേന്ദ്ര 52,148 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി മധു ബംഗാരപ്പയെ തോല്‍പ്പിച്ചത്. രാഘവേന്ദ്ര മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടേയും മധു മുന്‍ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടേയും മകനാണ്.
ബല്ലാരി-2004 മുതല്‍ ബി.ജെ.പി കൈവശം വച്ചിരുന്ന ബല്ലാരിയില്‍ കോണ്‍ഗ്രസ് ഗംഭീര തിരിച്ചുവരവ് നടത്തി. രാജിവച്ച ബി.ജെ.പി എം.പി ബി ശ്രീരാമുലുവിന്റെ സഹോദരി ജെ. ശാന്തയെ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസ് നേതാവ് വി.എസ് ഉഗ്രപ്പയാണ്.
മാണ്ഡ്യ ലോക്‌സഭാ സീറ്റില്‍ മൃഗീയ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയെ പിന്നിലാക്കി ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി എല്‍. ആര്‍ ശിവരാമഗൗഡ ജയിച്ചത്. 3.24 ലക്ഷമാണ് ഭൂരിപക്ഷം.
രാമനഗര നിയമസഭാ മണ്ഡലത്തില്‍ മുഖ്യമന്ത്രി എച്.ഡി കുമാരസ്വാമിയുടെ ഭാര്യ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി അനിതാ കുമാരസ്വാമി 1.09 ല്ക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. വോട്ടെടുപ്പിന് രണ്ടു ദിവസം മുമ്പ് എതിര്‍ സ്ഥാനാര്‍ത്ഥി ബി.ജെ.പിയുടെ എല്‍. ചന്ദ്രശേഖര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് അനിതയ്ക്ക് ജയം അനായാസമാക്കി.
ജമഘണ്ഡി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ആനന്ദ് സിദ്ധു ന്യാമഗൗഡ ബി.ജെ.പിയുടെ ശ്രീകാന്ത് കുല്‍ക്കര്‍ണിയെ തോല്‍പ്പിച്ചു. മേയില്‍ റോഡപകടത്തില്‍ മരിച്ച കോണ്‍ഗ്രസ് എം.എല്‍.എ സിദ്ധു ന്യാമഗൗഡയുടെ മകനാണ് ജയിച്ച ആനന്ദ്. ഇവിടെ 77 ശതമാനം റെക്കോര്‍ഡ് പോളിങ് നടന്നിരുന്നു.