ബെംഗളുരു- കര്‍ണാടകയില്‍ ദീപാവലി ആഘോഷത്തിന് പൊലിമ കൂട്ടി കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാരിന് ഉപതെരഞ്ഞെടുപ്പില്‍ മിന്നും ജയം. മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളില്‍ രണ്ടിടത്തും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ജയിച്ച സഖ്യം ബി.ജെ.പിക്ക് ഒരിക്കല്‍ കൂടി കനത്ത തിരിച്ചടി നല്‍കി. കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്ത ശേഷം 14 വര്‍ഷമായി ബി.ജെ.പിയുടെ ശക്തികേന്ദ്രമായി നിലനിന്ന ബെല്ലാരി ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.എസ് ഉഗ്രപ്പയുടേത് ഉഗ്രന്‍ വിജയമായി. 13 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഉഗ്രപ്പയ്ക്ക് 4.78 ലക്ഷം വോട്ടുകള്‍ ലഭിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി ബി.ജെ.പിയുടെ ജെ. ശാന്തയ്ക്ക് 2.93 ലക്ഷം വോട്ടു മാത്രമെ നേടാനായുള്ളൂ. അഞ്ച് റൗണ്ട് കൂടി എണ്ണിത്തീരാനുണ്ട്.
ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്ന ബെല്ലാരിയില്‍ ഖനന മുതലാളിമാരായ റെഡ്ഢി സഹോദരന്മാരിലൂടെയാണ് ബി.ജെ.പി കാലുറപ്പിച്ചത്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഈ മണ്ഡലത്തിലായിരുന്നു. 1999ല്‍ ബി.ജെ.പി നേതാവ് സുഷമാ സ്വരാജിനെ തറപ്പറ്റിച്ചായിരുന്നു സോണിയയുടെ അരങ്ങേറ്റം. 2004 മുതല്‍ ബി.ജെ.പിയുടെ കയ്യിലാണ് ഈ മണ്ഡലം. ഇവിടെ സിറ്റിങ് എം.പിയായിരുന്നു ബി.ജെ.പിയുടെ ബി. ശ്രീരമുലു ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചതോടെയാണ് ലോക്‌സഭാംഗത്വം രാജിവച്ചത്. തോറ്റ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശാന്ത ശ്രീരാമുലുവിന്റെ സഹോദരിയാണ്.
ബെല്ലാരിയിലെ മിന്നും ജയത്തിന്റെ തിരക്കഥ ഒരുക്കിയത് കര്‍ണാടക കോണ്‍ഗ്രസിലെ കരുത്തനായി നേതാവ് മന്ത്രി ഡി.കെ ശിവകുമാറാണ്. പാര്‍ട്ടിയുടെ ജില്ലാ ചുമതല വഹിക്കുന്ന നേതാവാണ് ശിവകുമാര്‍. ഇത്തവണ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പാക്കുക എന്ന ദൗത്യമാണ് ശിവകുമാറിനെ കോണ്‍ഗ്രസ് ഏല്‍പ്പിച്ചത്. ഇത് ശിവകുമാറും ബി.ജെ.പിയിലെ കരുത്തന്‍ ശ്രീരാമുലുവും തമ്മിലുള്ള ഒരു നിഴല്‍ യുദ്ധം കൂടിയായിരുന്നു. തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്നതില്‍ അഗ്രഗണ്യരാണ് ഇരുവരും. ഒരിക്കലും കീഴടങ്ങാത്ത മനോഭാവമാണ് ഇവരുടെ കരുത്ത്. പ്‌ക്ഷെ ഇത്തവണ ശിവകുമാറിനു മുന്നില്‍ ശ്രീരാമുലുവിന് അടിയറവ് പറയേണ്ടി വന്നു.
ബല്ലാരിയിലെ കോണ്‍ഗ്രസിനുള്ളിലെ ഉള്‍പ്പോരിനെ അതിജീവിച്ചാണ് ഈ വിജയമെന്നത് ശിവകുമാറിന്റെ തന്ത്രങ്ങള്‍ എത്രത്തോളം വിജയം കണ്ടുവെന്നതിന് തെളിവാണ്. ്‌ഹൊസപേട്ട് എംഎല്‍എ ആനന്ദ് സിങ്, ബെല്ലാരി എംഎല്‍എ ബി നാഗേന്ദ്ര എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രിസഭയില്‍ ഇടം നല്‍കിയില്ലെങ്കില്‍ ബി.ജെ.പിയിലേക്ക് കൂടുമാറുമെന്ന് അഭ്യൂഹവും ഉണ്ടായിരുന്നു. ഇതെല്ലാം മറികടന്നാണ് കോണ്‍ഗ്രസ് മിന്നും ജയം നേടിയിരിക്കുന്നത്.