നോയിഡ- പത്തുലക്ഷം രൂപ നൽകിയില്ലെങ്കിൽ ബലാത്സംഗം ചെയ്തുവെന്ന് പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. ദൽഹി ഗ്രേറ്റർ നോയിഡയിൽ ലഖ്‌നാവലി ഗ്രാമത്തിലാണ് സംഭവം. തന്റെ മുൻകാല സുഹൃത്തിനെയാണ് യുവതി ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപ ആവശ്യപ്പെട്ടത്. പത്തുലക്ഷം രൂപ നൽകിയില്ലെങ്കിൽ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പോലീസിൽ പരാതി നൽകുമെന്നായിരുന്നു യുവതിയുടെ ഭീഷണി. ഇക്കഴിഞ്ഞ ഒക്ടോബർ പതിനൊന്നിനാണ് യുവാവ് പോലീസിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ബ്ലാക് മെയിൽ നടന്നതായി തെളിയുകയായിരുന്നു. അറസ്റ്റിലായ യുവതിയെ കോടതി റിമാന്റ് ചെയ്തു.