ബെംഗളുരു- കര്‍ണാടകയിലെ മൂന്ന് ലോകസഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബി.ജെ.പിയുടെ നില പരുങ്ങലില്‍. ബി.ജെ.പി നേതാക്കളായ റെഡ്ഢി സഹോദരന്മാരുടെ ശക്തി കേന്ദ്രമായി ബെല്ലാരി ഉള്‍പ്പെടെ അഞ്ചില്‍ നാലിടത്തും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം മുന്നേറുകയാണ്. ബല്ലാരി ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വി.എസ് ഉഗ്രപ്പയാണ് മുന്നില്‍. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ജെ. ശാന്ത ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണ്. മാണ്ഡ്യയില്‍ ജെ.ഡി.എസിന്റെ ശിവരാമ ഗൗഡയും മുന്നിട്ടു നില്‍ക്കുന്നു. രാമനഗര നിയമസഭാ മണ്ഡലത്തില്‍ ജെ.ഡി.എസ് മുഖ്യമന്ത്രി എച്.ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് മുന്നില്‍. ജമഘണ്ഡിയില്‍ കോണ്‍ഗ്രസിന്റെ ആനന്ദ് സിദ്ധു ന്യാമഗൗഡയും ലീഡ് ചെയ്യുന്നു. ശിവമോഗ ലോക്‌സഭാ മണ്ഡലത്തില്‍ മാത്രമാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. ബി.ജെ.പി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പയുടെ മകന്‍ ബി.വൈ രാഘവേന്ദ്രയാണ് ഇവിടെ സ്ഥാനാര്‍ത്ഥി. കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം രൂപംകൊണ്ട് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ഒരുമിച്ച് ബി.ജെ.പിക്കെതിരെ പൊരുതിയ ആദ്യ തെരഞ്ഞെടുപ്പാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ജനഹിത പരിശോധന കൂടിയാണ് ഇരു പാര്‍ട്ടികള്‍ക്കും ഈ തെരഞ്ഞെടുപ്പ്.