Sorry, you need to enable JavaScript to visit this website.

മന്ത്രി ജലീലിന്റെ വാദങ്ങള്‍ പൊളിയുന്നു; ബന്ധുവിനെ നിയമിച്ചത് യോഗ്യതയുള്ള അപേക്ഷകനെ തഴഞ്ഞ്

കോഴിക്കോട്- സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബിനെ നിയമിച്ചത് യോഗ്യതയുള്ള അപേക്ഷകരുടെ അഭാവത്തിലാണെന്ന് വാദം പൊളിയുന്നു. ഈ നിയമനത്തിന് അപേക്ഷകരെ തേടി സര്‍ക്കാര്‍ ഇറക്കിയ അറിയിപ്പില്‍ വ്യക്തമാക്കു യോഗ്യതകളുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തഴഞ്ഞാണ് സ്വകാര്യ ബാങ്ക് ജീവനക്കാരനായ അദീബിനെ നിയമിച്ചിരിക്കുന്നത്. ഡെപ്യൂട്ടേഷനിലാണ് ഈ പോസ്റ്റിലേക്ക് നിയമനം. ഇതിനായി അപേക്ഷിച്ചവരില്‍ എം.ബി.എയും പൊതുമേഖലാ സ്ഥാപനത്തില്‍ ഉന്നത തസ്തികയില്‍ അഞ്ചു വര്‍ഷത്തിലേറെ ജോലിപരിചയവുമുള്ള ഒരു ഉദ്യോഗാര്‍ത്ഥിയെ ഒഴിവാക്കിയാണ് മന്ത്രി ബന്ധുവിനെ നിയമിച്ചതെന്ന് മനോരമ റിപോര്‍ട്ട് ചെയ്യുന്നു. നേരത്തെയുള്ള സര്‍ക്കാര്‍ ഉത്തരവ് പുതുക്കി വീണ്ടു വിജ്ഞാപനം ഇറക്കിയത് മന്ത്രി ബന്ധുവിനു വേണ്ടി മാത്രമാണെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഈ ഉദ്യോഗസ്ഥന്‍ അഭിമുഖത്തില്‍ പങ്കെടുത്തില്ല. ഏഴു പേരെ അഭിമുഖം നടത്തിയെങ്കിലും യോഗ്യരായവരെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അപേക്ഷകരില്‍ ഒരാളെ നേരിട്ടു ബന്ധപ്പെട്ടു നിയമനം നല്‍കുകയായിരുന്നു എന്നാണ് മന്ത്രി വിശദീകരിച്ചത്. എന്നാല്‍ മതിയായ യോഗ്യതയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഈ ഘട്ടത്തിലും നേരിട്ട് ബന്ധപ്പെട്ടില്ലെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഇതോടെ മന്ത്രിയുടെ വാദം സംബന്ധിച്ച് കൂടുതല്‍ സംശയങ്ങളുയര്‍ന്നിരിക്കുകയാണ്.

വളാഞ്ചേരി മേഖലാ വെല്‍ഫയര്‍ പാര്‍ട്ടി നേതാവിന്റെ മകന്‍ കൂടിയായ അദീബിനെ നിയമിക്കാന്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ മനപ്പൂര്‍വം സര്‍ക്കാര്‍ ഒഴിവുണ്ടാക്കി എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നേരത്തെ ജനറല്‍ മാനേജര്‍ പദവിയിലുണ്ടായിരുന്ന വനിതാ വികസന കോര്‍പറേഷന്‍ റീജനല്‍ മാനേജരെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ഉടന്‍ മാതൃസ്ഥാപനത്തിലേക്ക് തിരിച്ചയച്ചാണ് ഒഴിവുണ്ടാക്കിയത്. ഇദ്ദേഹത്തിന്റെ സേവനം തുടര്‍ന്നും ആവശ്യമാണെന്ന ഡയറക്ടര്‍ ബോര്‍ഡിന്റെ ശുപാര്‍ശ തള്ളിയാണ് ഇദ്ദേഹത്തെ പറഞ്ഞു വിട്ടത്.
 

Latest News