Sorry, you need to enable JavaScript to visit this website.

ശബരിമലയില്‍ ആര്‍.എസ്.എസ് നേതാവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം; തടയാന്‍ ശ്രമിച്ച സ്ത്രീകള്‍ ദര്‍ശനം നടത്തി

ശബരിമല- ദര്‍ശനത്തിനെത്തിയ തിരൂര്‍ സ്വദേശിനിയുടെ പ്രായം സംബന്ധിച്ച് സംശയമുയര്‍ന്നതിനെ തുടര്‍ന്ന് ശബരിമല വലിയ നടപ്പന്തലില്‍ സംഘര്‍ഷം. ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തിലാണ് ഭക്തരെന്ന് പറയപ്പെടുന്ന ചിലര്‍ സ്ത്രീകളെ തടഞ്ഞത്. മകന്റെ കുട്ടിക്ക് ചോറൂണ് നടത്താനാണ് എത്തിയതെന്ന് തിരൂര്‍ സ്വദേശി ലളിത പറഞ്ഞു. നേരത്തെ പമ്പയിലും നടപ്പന്തലിലും പ്രായം തെളിയിക്കാന്‍ ഇവരുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ചിരുന്നെങ്കിലും സന്നിധാനത്തെത്തിയതോടെ വീണ്ടും പ്രതിഷേധമുണ്ടായി. ഇവര്‍ക്ക് 52 വയസ്സുണ്ട്. ശരണം വിളിയും ആക്രോശവുമായി ആര്‍.എസ്.എസ് നേതാവിന്റെ നേതൃത്വത്തിലുള്ള ഭക്ത വേഷമണിഞ്ഞവര്‍ ആക്രോശവും ശരണം വിളിയുമായി ലളിതയേയും കൂടെ ഉണ്ടായിരുന്ന സുജാത, ഗിരിജ എന്നിവരേയും വളഞ്ഞു. ഇവര്‍ക്ക് 50ല്‍ അധികം വയസ്സുണ്ടെന്ന് പോലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പോലീസ് ഇവരെ പ്രതിഷേധക്കാരുടെ ഇടയില്‍ നിന്നും രക്ഷിച്ച് പുറത്തെത്തിച്ചു. വല്‍സന്‍ തില്ലങ്കേരിയുമായി പോലീസ് ചര്‍ച്ച നടത്തി. വന്‍സന്‍ മൈക്കിലൂടെ ഇവരുടെ വയസ്സ് സംബന്ധിച്ച് അറിയിപ്പ് നല്‍കിയെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. ഒടുവില്‍ മറ്റു ഭക്തരുടെ സഹായത്തോടെ മറ്റൊരു വഴിയിലൂടെ ലളിതയും കൂടെയുള്ളവരും ദര്‍ശനം നടത്തി മടങ്ങി. ഇവര്‍ക്കൊപ്പം വനിതാ പോലീസും ഉണ്ടായിരുന്നു.

ഇതിനിടെ പ്രതിഷേധക്കാരുടെ ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേയും ആക്രമണമുണ്ടായി. നിലയ്ക്കലില്‍ ബി.ജെ.പി നേതാക്കളായ പി.കെ കൃഷ്ണദാസ്, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരെ പോലീസ് തടഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസില്‍ പമ്പയിലേക്കു പോകാമെന്ന് ഇവരെ പോലീസ് അറിയിച്ചത് തര്‍ക്കത്തിനിടയാക്കി.
 

Latest News