തിരൂര്‍- ഓട്ടോ ഡ്രൈവറായിരുന്ന പറവണ്ണ പുത്തനങ്ങാടി സ്വദേശി കളരിക്കല്‍ കുഞ്ഞിമോന്റെ മകന്‍ മുഹമ്മദ് യാസീനെ (39) കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ മുഖ്യപ്രതി പള്ളാത്ത് നൗഷാദ് (45) പോലീസ് കസ്റ്റഡിയില്‍. വിദേശത്തേക്കു കടന്ന പ്രതിയെ പോലീസ് തന്ത്രപൂര്‍വം നാട്ടിലെത്തിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ തങ്ങിയ പ്രതിയെ ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ പോലീസ് തിരൂരിലെത്തിച്ചു. ഗുണ്ടാ പശ്ചാത്തലമുള്ള പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്ന് രാവിലെ കൊലപാതകം നടന്ന പറവണ്ണയിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് തിരൂര്‍ ഡിവൈ.എസ്.പി ബിജു ഭാസ്‌കര്‍ പറഞ്ഞു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നൗഷാദിന്റെ സഹോദരന്‍ പറവണ്ണ സ്വദേശി പള്ളാത്ത് ആദമി(41)നെ സംഭവ ശേഷം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നൗഷാദിനെ പിടികൂടാത്തതില്‍ നാട്ടുകാരുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്താനിരിക്കെയാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാസം 16 ന് വൈകിട്ട് ഏഴരയോടെയാണ് മദ്യലഹരിയിലെത്തിയ ആദം ട്രിപ്പ് പോകാന്‍ വിസമ്മതിച്ചതിനെ ചൊല്ലി യാസീനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. ഉടനെ സ്ഥലത്തെത്തിയ നൗഷാദും ആദമും ചേര്‍ന്ന് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.