പരിഷ്‌കരിച്ച മലയാളം ന്യൂസ് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം
റിയാദ് - തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്ന് ഇസ്താംബൂൾ സൗദി കോൺസുലേറ്റിൽ സംഘർഷത്തിനിടെ കൊല്ലപ്പെട്ട പ്രശസ്ത മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗിയുടെ മക്കളായ സ്വലാഹ് ഖശോഗിയും അബ്ദുല്ല ഖശോഗിയും പറഞ്ഞു. കേസിലെ മുഴുവൻ പ്രതികളെയും പ്രോസിക്യൂട്ട് ചെയ്ത് നീതി നടപ്പാക്കുമെന്ന് സൽമാൻ രാജാവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി സംഭവത്തെ ദുരുപയോഗിക്കുന്നതിനുള്ള ചില രാജ്യങ്ങളുടെയും ഏജൻസികളുടെയും ശ്രമങ്ങൾ നിരാകരിക്കുന്നു.
കേസിലെ മുഴുവൻ പ്രതികളെയും കോടതിയിൽ വിചാരണ ചെയ്യുമെന്ന് സൽമാൻ രാജാവ് ഉറപ്പു നൽകിയിട്ടുണ്ടെന്ന് അമേരിക്കയിലെ സി.എൻ.എൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സ്വലാഹ് ഖശോഗിയും അബ്ദുല്ല ഖശോഗിയും പറഞ്ഞു. ജമാൽ ഖശോഗി കൊല്ലപ്പെട്ട ശേഷം ആദ്യമായാണ് ഇരുവരും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അടിസ്ഥാന രഹിതമായ വിവരങ്ങൾ പ്രചരിപ്പിച്ച് സംഭവത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിനെ ഇരുവരും വിമർശിച്ചു. സൽമാൻ രാജാവിന്റെ വാഗ്ദാനത്തിൽ തനിക്ക് വിശ്വാസമുണ്ടെന്ന് സ്വലാഹ് ഖശോഗി പറഞ്ഞു. അതല്ലെങ്കിൽ സൗദി അറേബ്യ ആഭ്യന്തര അന്വേഷണം തുടങ്ങുമായിരുന്നില്ല. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി താൻ ഹസ്തദാനം ചെയ്തതിനെ ചിലർ അപകീർത്തിപരമായി വ്യാഖ്യാനിച്ചിട്ടുണ്ട്. അവർ വ്യാഖ്യാനിക്കുന്നതിന് ശ്രമിക്കുന്നതു പോലുള്ള കാര്യങ്ങളൊന്നുമുണ്ടായിട്ടില്ല. ചില വാദങ്ങൾക്ക് ചിലപ്പോൾ സത്യത്തിന്റെ കണികയുടെ പിൻബലം പോലുമുണ്ടാകില്ല. പിതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സാധ്യമായത്ര വിവരങ്ങൾ കണ്ടെത്താനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. സംഭവത്തിൽ അന്വേഷണം പൂർത്തിയാകുന്നത് തങ്ങൾ കാത്തിരിക്കുകയാണ്.
പിതാവിന്റെ മയ്യിത്ത് മദീന ജന്നത്തുൽ ബഖീഅ് ഖബർസ്ഥാനിൽ മറവു ചെയ്യണമെന്നു മാത്രമാണ് തങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നത്. മറ്റു കുടുംബാംഗങ്ങളെ മറവു ചെയ്തിരിക്കുന്നത് ജന്നത്തുൽ ബഖീഇലാണ്. ഇക്കാര്യത്തെ കുറിച്ച് സൗദി അധികൃതരുമായി തങ്ങൾ സംസാരിച്ചിട്ടുണ്ട്. വൈകാതെ പിതാവിന്റെ മയ്യിത്ത് ജന്നത്തുൽ ബഖീഅ് ഖബർസ്ഥാനിൽ മറവു ചെയ്യാൻ കഴിയുമെന്നാണ് കരുതുന്നത്.
ചിലർ പ്രചരിപ്പിക്കുന്നതു പോലെ തങ്ങളുടെ പിതാവ് സർക്കാർ വിരുദ്ധനായിരുന്നില്ല. എല്ലാവരെയും സ്‌നേഹിക്കുന്ന മിതവാദിയും നല്ല പിതാവുമായിരുന്നു അദ്ദേഹം. സംഭവത്തെ ചിലർ കൃത്യമല്ലാത്ത നിലക്ക് അവലോകനങ്ങൾ ചെയ്തിട്ടുണ്ട്. അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ഞങ്ങൾ അംഗീകരിക്കുന്നില്ല. പ്രശ്‌നത്തെ രാഷ്ട്രീയവൽക്കരിക്കുന്നതും രാഷ്ട്രീയ വിലപേശലുകൾക്ക് ഉപയോഗിക്കുന്നതും തങ്ങൾ തള്ളിക്കളയുന്നു. ജമാൽ ഖശോഗി ഒരു കാലത്തും പ്രതിപക്ഷ പ്രവർത്തകനായിരുന്നില്ല. സൗദി ഭരണാധികാരികളിലും രാജ്യത്ത് നടക്കുന്ന പരിഷ്‌കരണങ്ങളിലും പരിവർത്തനങ്ങളിലും അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നു. പിതാവിന്റെ വധവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ വിവരങ്ങളൊന്നും തങ്ങളുടെ പക്കലില്ല. മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രമാണ് തങ്ങൾക്കുമുള്ളത്. എല്ലാവരെയും പോലെ പ്രശ്‌നത്തിൽ വിവരങ്ങൾ ലഭിക്കുന്നതിനാണ് തങ്ങളും ശ്രമിക്കുന്നതെന്ന് സ്വലാഹ് ഖശോഗി പറഞ്ഞു. അമേരിക്കയിൽ പിതാവിന്റെ താമസസ്ഥലം സന്ദർശിക്കാനാണ് താൻ അമേരിക്കയിലെത്തിയത്. ജിദ്ദയിൽ ബാങ്കിലെ ജോലിയിൽ പ്രവേശിക്കാൻ വൈകാതെ താൻ സൗദിയിലേക്ക് മടങ്ങുമെന്നും തന്റെ ഭാവി സൗദിയിലാണെന്നും സ്വലാഹ് ഖശോഗി പറഞ്ഞു.
തങ്ങളുടെ കുടുംബത്തിൽ പിതാവിനെ അവസാനമായി കണ്ടത് താനാണെന്ന് യു.എ.ഇയിൽ കഴിയുന്ന അബ്ദുല്ല ഖശോഗി പറഞ്ഞു. രണ്ടു മാസം മുമ്പ് തുർക്കിയിൽ വെച്ചാണ് താൻ പിതാവിനെ കണ്ടത്. പിതാവിനൊപ്പം അൽപ സമയം ചെലവഴിക്കുകയും ചെയ്തു. വാഷിംഗ്ടണിലെ താമസം മതിയാക്കി തുർക്കിയിലേക്ക് താമസം മാറാൻ പിതാവിന് പദ്ധതിയുണ്ടായിരുന്നെന്നും അബ്ദുല്ല ഖശോഗി പറഞ്ഞു. അബ്ദുല്ല ഖശോഗിയും സ്വലാഹ് ഖശോഗിയും സി.എൻ.എൻ ചാനലിന് നൽകിയ അഭിമുഖത്തിൽ.