Sorry, you need to enable JavaScript to visit this website.

ലാപ്‌ടോപ്പ് ഹാജരാക്കിയില്ല; ബിഷപ്പിനെതിരെ തെളിവു നശിപ്പിച്ചെന്ന കുറ്റം കൂടി ചേര്‍ക്കും

കോട്ടയം - കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണസംഘം ആവശ്യപ്പെട്ട ലാപ്ടോപ്പ് ഹാജരാക്കാത്ത സാഹചര്യത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ തെളിവുകള്‍ നശിപ്പിച്ചെന്ന വകുപ്പുകൂടി ചേര്‍ക്കാന്‍ തീരുമാനം. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ തെളിവുകളടങ്ങിയ ലാപ്ടോപ്പ് ഈമാസം അഞ്ചിന് മുമ്പ് ഹാജരാക്കണമെന്നായിരുന്നു അന്വേഷണച്ചുമതലയുള്ള വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിന്റെ നോട്ടീസ്.

എന്നാല്‍, അന്വേഷണസംഘം ആവശ്യപ്പെട്ട ലാപ്ടോപ്പ് ഏതെന്ന് കണ്ടെത്താനായില്ലെന്നാണ് പോലിസിന്റെ നോട്ടീസിന് ഫ്രാങ്കോ നല്‍കിയ മറുപടി. ജലന്ധര്‍ രൂപതയുടെ ഓഫീസിലെ ലാപ്ടോപ്പുകള്‍ നേരത്തെ സര്‍വീസ് ചെയ്തിരുന്നു. അന്വേഷണസംഘം ആവശ്യപ്പെട്ട ലാപ്ടോപ്പ് ഏതെന്ന് ഇതുവരെ കണ്ടെത്താനായില്ല. കിട്ടുന്ന മുറയ്ക്ക് ലാപ്ടോപ്പ് ഹാജരാക്കാമെന്നാണ് മറുപടിയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് ബിഷപ്പിനെതിരേ നിയമ നടപടിയുമായി മുന്നോട്ടുപോകാന്‍ പോലിസ് തീരുമാനിച്ചത്. ലാപ്ടോപ്പ് ഹാജരാക്കിയാല്‍ ഈ വകുപ്പ് ഒഴിവാക്കുമെന്ന് ഡിവൈ.എസ.്പി കെ.സുഭാഷ് പറഞ്ഞു. ലാപ്ടോപ്പ് ഹാജരാക്കാന്‍ ബിഷപ്പിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം ജലന്ധര്‍ രൂപതയില്‍ പോയെങ്കിലും ലാപ്ടോപ്പ് കണ്ടെത്താനായിരുന്നില്ല.
ബിഷപ്പിന്റെ മൊബൈല്‍ ഫോണ്‍ മാത്രമാണ് പോലിസിന് ലഭിച്ചിരുന്നത്.
2016 ല്‍ ദല്‍ഹിയില്‍ താമസിക്കുന്ന ബന്ധുവായ സ്ത്രീ കന്യാസ്ത്രീക്കെതിരെ നല്‍കിയ പരാതിയില്‍ അവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നതായി ബിഷപ്പ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ പ്രതികാരമായാണ് കന്യാസ്ത്രീ പീഡന ആരോപണമുന്നയിച്ചതെന്നും ബിഷപ്പ് വാദിച്ചിരുന്നു. ഇത് വ്യാജമാണെന്നാണ് തുടരന്വേഷണത്തില്‍ പോലിസിന് ലഭിച്ച വിവരം. ഇതോടെ കന്യാസ്ത്രീക്കെതിരെ അന്വേഷണ ഉത്തരവ് ടൈപ്പ് ചെയ്ത ലാപ്ടോപ്പ്് ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ബിഷപ്പിനോട് ആവശ്യപ്പെട്ടു. കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നല്‍കിയതിനുശേഷമാണ് അന്വേഷണ ഉത്തരവ് ടൈപ്പ് ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍. അതേസമയം, ജാമ്യവ്യവസ്ഥയില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നതുപ്രകാരം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഈമാസം 17ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ വീണ്ടും ഹാജരാവും.

 

Latest News