യുവാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രധാന പ്രതി റിമാന്‍ഡില്‍

കാസര്‍കോട്- കളനാട് വെച്ച് യുവാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി പിടിയില്‍. കളനാട് കീഴൂര്‍ പടിഞ്ഞാറ് സ്വദേശി ലത്തീഫ് (30) ആണ് അറസ്റ്റിലായത്. ഇയാളെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് ഉച്ചക്ക് കളനാട് ഹെല്‍ത്ത് സെന്ററിന് സമീപം മേല്‍പറമ്പ കൈനോത്ത് സ്വദേശി ഫിറോസിനെയും സുഹൃത്ത് മൊയ്തീന്‍ നാസറിനെയും ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഏഴംഗ സംഘത്തിലെ പ്രധാന പ്രതിയാണ് ലത്തീഫ്. അക്രമത്തിനിരയായ ഫിറോസിന്റെ മൂക്കിന്റെ പാലം നീക്കം ചെയ്യേണ്ടി വന്നിരുന്നു.
പ്രതി ലത്തീഫ് കാസര്‍കോട് സ്റ്റേഷന്‍ പരിധിയില്‍പെട്ട പരവനടുക്കത്ത് ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ എസ്.ഐ കെ.പി  വിനോദ് കുമാറും സംഘവും സ്ഥലത്തെത്തിയാണ് അറസ്റ്റ് ചെയ്തത്. ലത്തീഫിന്റെ പേരില്‍  കാസര്‍കോട്, ബേക്കല്‍ സ്റ്റേഷനുകളില്‍ വേറെയും കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. 2018 മാര്‍ച്ച് 12 ന് രാത്രി പൂഴികടത്തു തടയാന്‍ ശ്രമിച്ച പോലീസുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തതിനും ക്യത്യനിര്‍വഹണം തടസ്സപെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. എടുത്തിരുന്നു. ബേക്കല്‍  കീഴൂര്‍ കടപ്പുറത്തു വെച്ചുണ്ടായ ഈ സംഭവത്തില്‍ അനൂപ് എന്ന സിവില്‍ പോലീസ് ഓഫീസര്‍ക്ക് പരിക്കേറ്റിരുന്നു.

 

Latest News