ദുബായ്- കാമുകനില്‍നിന്ന് ഗര്‍ഭം ധരിച്ച ഉസ്‌ബെക്ക് യുവതി, പ്രസവത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ വ്യാജരേഖയുണ്ടാക്കി. പിതാവ് ഉസ്‌ബെക് പൗരനാണെന്ന രേഖയുണ്ടാക്കിയാണ് ഇവര്‍ ചികിത്സ തേടിയത്. ഒടുവില്‍ ഇമാറാത്തിയായ കാമുകനും കാമുകിയും തമ്മില്‍ അടിപിടിയായതോടെ കഥ പുറത്തായി. കേസ് ദുബായ് കോടതിയില്‍ വിചാരണയിലാണ്.
48 കാരനായ ഇമാറാത്തിയും 32 കാരിയായ ഉസ്‌ബെക് യുവതിയും സഹപ്രവര്‍ത്തകരും കാമുകീകാമുകന്‍മാരുമാണ്. ആറു വര്‍ഷമായി ബന്ധമുള്ള ഇവര്‍ നിരവധി പ്രാവശ്യം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ യുവതി ഗര്‍ഭിണിയായി. ഒമ്പതുമാസം മുമ്പ് ഇവര്‍ പ്രസവിച്ചു.
പ്രസവത്തിന് ആശുപത്രിയില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിവാഹിതയായിട്ടില്ലാത്തതിനാല്‍ നാട്ടുകാരായ ചിലരുടെ സഹായത്തോടെ വ്യാജസര്‍ട്ടിഫിക്കറ്റുണ്ടാക്കുകയായിരുന്നു. ഒരു ഉസ്‌ബെക്കുകാരന്റെ പേരാണ് ഭര്‍ത്താവിന്റെ സ്ഥാനത്ത് നല്‍കിയത്.
സംഗതി വിജയകരമായെങ്കിലും ഇരുവരും തമ്മില്‍ ഈയിടെ വഴക്കുകൂടി. ഒടുവില്‍ പോലീസെത്തി ഇരുവരേയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തപ്പോഴാണ് കഥ പുറത്തുവന്നത്.