ദുബായ്- മൂന്നു ലക്ഷം ദിര്‍ഹം വിലയുള്ള വജ്രം ദുബായില്‍നിന്ന് മോഷ്ടിക്കപ്പെട്ട് 20 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ കണ്ടെടുത്തു. വജ്രം മോഷ്ടിച്ച ദമ്പതികളിലെ സ്ത്രീ ഇത് വിഴുങ്ങിയാണ് കടത്തിയത്. ദുബായിലെ ഒരു ജ്വല്ലറി ഷോപ്പില്‍നിന്നാണ് 3.27 കാരറ്റ് വജ്രം ചൈനീസ് ദമ്പതികള്‍ അടിച്ചുമാറ്റിയത്.
മോഷണം നടന്ന് മൂന്നു മണിക്കൂറിന് ശേഷമാണ് ജ്വല്ലറിഷോപ്പ് ഉടമ സംഭവം മനസ്സിലാക്കുന്നത്. ഉടന്‍ അദ്ദേഹം പോലീസിനെ വിവരമറിയിച്ചു. മോഷ്ടാക്കളായ ദമ്പതികളെ തിരിച്ചറിഞ്ഞ പോലീസ് ഇവര്‍ ദുബായ് വിട്ടതായി മനസ്സിലാക്കി. ഇവര്‍ കയറിയ വിമാനം ട്രാന്‍സിറ്റിനായി ഇന്ത്യയില്‍ ഇറങ്ങുമെന്ന് മനസ്സിലാക്കിയ പോലീസ് ഉടന്‍ ഇന്ത്യന്‍ അധികൃതരെ വിവരം അറിയിക്കുകയും അവരുടെ സഹകരണത്തോടെ മോഷ്ടാക്കളെ പിടികൂടുകയുമായിരുന്നു.
ദുബായിലേക്കുള്ള അടുത്ത വിമാനത്തില്‍ തന്നെ ഇവരെ ഇന്റര്‍പോളിന്റെ സഹായത്തോടെ കയറ്റിവിട്ടു. വിമാനത്താവളത്തില്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. മോഷണം നടത്തിയ കാര്യം ഇവര്‍ സമ്മതിച്ചതായും പോലീസ് പറഞ്ഞു.