ന്യൂദല്‍ഹി- ലോകത്ത് ഏറ്റവും സഹിഷ്ണുതയുള്ള വിഭാഗം ഹിന്ദു സമുദായമാണെന്നും ആയോധ്യയില്‍ രാമ ക്ഷേത്ര പരിസരത്ത് പള്ളി നിര്‍മ്മിക്കണമെന്ന സംസാരം ഹിന്ദു സമൂഹത്തെ അസഹിഷ്ണുക്കളാക്കിയേക്കുമെന്നും കേന്ദ്ര മന്ത്രി ഉമാഭാരതിയുടെ മുന്നറിയിപ്പ്. കോണ്‍ഗ്രസ്ച ചെയ്ത പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായി അയോധ്യയില്‍ തനിക്കൊപ്പം രാമക്ഷേത്രത്തിന് തറക്കല്ലിടാന്‍ രാഹുല്‍ ഗാന്ധി വരണമെന്നും അവര്‍ പറഞ്ഞു. അയോധ്യയില്‍ രാമ ജന്മ സ്ഥലത്തിനു സമീപം പള്ളി നിര്‍മ്മിക്കണമെന്നു പറഞ്ഞ് ഹിന്ദു സമുദായത്തെ അസഹിഷ്ണുക്കളാക്കി മാറ്റരുതെന്ന് എല്ലാ രാഷ്ട്രീയക്കാരോടും അഭ്യര്‍ത്ഥിക്കുകയാണ്-ഉമാഭാരതി പറഞ്ഞു. മദീനയിലും വത്തിക്കാനിലും ഒരു ക്ഷേത്രം ഉണ്ടാകുന്നതു വരെ അയോധ്യയില്‍ പള്ളിയുണ്ടാകണമെന്ന ആവശ്യം അന്യായമാണെന്നും അവര്‍ പറഞ്ഞു.
അയോധ്യയിലേത് ഭൂമിത്തര്‍ക്കം മാത്രമാണെന്നും വിശ്വാസങ്ങള്‍ തമ്മിലുള്ള പോരല്ലെന്നും അവര്‍ പറഞ്ഞു. ഈ തര്‍ക്കത്തില്‍ കോടതിക്കു പുറത്തു തീര്‍പ്പുണ്ടാകേണ്ടതുണ്ടെന്നും ഇതിന് രാഹുല്‍ ഗാന്ധിയും അഖിലേഷും മായാവതിയും മമത ബാനര്‍ജിയും പിന്തുണയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ എല്ലാ രാഷട്രീയ പാര്‍ട്ടികളുടെ പിന്തുണയും വേണം. രാമ ക്ഷേത്രത്തിന് തറക്കല്ലിടാന്‍ രാഹുല്‍ അടക്കം എല്ലാ നേതാക്കളേയും ഞാന്‍ ക്ഷണിക്കുകയാണ്-ഉമാഭാരതി പറഞ്ഞു. കോണ്‍ഗ്രസാണ് അയോധ്യയില്‍ ക്ഷേത്രം പണിയുന്നതി തടസ്സങ്ങള്‍ സൃഷ്ടിച്ചത്. രാഹുല്‍ തറക്കല്ലിടുന്നതോടെ ഇതിനു പ്രായശ്ചിത്തമാകും. മതത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കുന്ന ശീലം കോണ്‍ഗ്രസ് അവസാനിപ്പിക്കണമമെന്നും അവര്‍ ആവശ്യപ്പെട്ടു.