സുറത്ത്- ഗുജറാത്ത് പോലീസ് ഹോം ഗാര്‍ഡിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ നിരന്തരം പീഡിപ്പിച്ചെന്ന പരാതിയുമായി 25 വനിതാ പോലീസുകാര്‍ രംഗത്തെത്തി. ലൈംഗിക ബന്ധത്തിനു പ്രേരിപ്പിച്ചതിനു പുറമെ മാനസികമായും സാമ്പത്തികമായും ശാരീരികമായും ഈ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചുവെന്ന് ഹോം ഗാര്‍ഡ് വനിതാ ഉദ്യോഗസ്ഥര്‍ സുറത്ത് സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു. ഇവരുടെ പരാതിയില്‍ നിയമ പ്രകാരം അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും റിപോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സുറത്ത് പോലീസ് കമ്മീഷണര്‍ സതീഷ് ശര്‍മ അറിയിച്ചു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക പീഡനം തടയല്‍ നിയമപ്രകാരമാണ് നടപടി. മേലുദ്യോഗസ്ഥരായ രണ്ടു ഉന്നതരെ പേരെടുത്ത് പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. നാലു പേജ് വരുന്ന പരാതിയുടെ പകര്‍പ്പ് മുഖ്യമന്ത്രി വിജയ് രൂപാണിക്കും ആഭ്യന്തര മന്ത്രി പ്രദീപ്‌സിന്‍ഹ് ജഡേജയ്ക്കും അയച്ചിട്ടുണ്ട്.
സ്ഥലം മാറ്റം അനുവദിക്കാന്‍ കുറ്റാരോപിതരായ മേലുദ്യോഗസ്ഥര്‍ പണം ആവശ്യപ്പെട്ടു. പരാതിക്കാരില്‍ ചിലരെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു. പണം നല്‍കാത്തവരെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റി തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരായ വനിതാ പോലീസുകാര്‍ ഉന്നയിച്ചിരിക്കുന്നത്. യൂനിഫോം ശരിയാക്കാനെന്ന വ്യാജേന ഒരു മേലുദ്യോഗസ്ഥന്‍ ശരീരത്തില്‍ സമ്മതമില്ലാതെ സ്പര്‍ശിച്ചെന്നും ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ പരാതിയില്‍ ചൂണ്ടിക്കാട്ടി. തങ്ങളില്‍ പലരേയും മേലുദ്യോഗസ്ഥര്‍ വീട്ടു വേല ചെയ്യാന്‍ നിര്‍ബന്ധിച്ചതായും ഇവര്‍ പരാതിപ്പെട്ടു.
സംസ്ഥാന പോലീസിനു കീഴിലുള്ള അര്‍ദ്ധസേനാ വിഭാഗമായണ് ഹോം ഗാര്‍ഡ്. പോലീസ് വകുപ്പുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്നും അതു കൊണ്ട് പരാതി സമിതി പരിശോധച്ച ശേഷമെ നടപടി സ്വീകരിക്കാനാകൂവെന്നും ശര്‍മ അറിയിച്ചു.