Sorry, you need to enable JavaScript to visit this website.

വാർത്താസമ്മേളനത്തിലും അടിപതറി, ജലീൽ കുരുക്കിലേക്ക്

തിരുവനന്തപുരം- ബന്ധുനിയമന വിവാദത്തെ പറ്റി വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലും പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് മന്ത്രി കെ.ടി ജലീൽ. ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം പറയുന്നതിൽ പരാജയപ്പെട്ട മന്ത്രി അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിച്ച് കൂടുതൽ കുരുക്കിലേക്കും നീങ്ങുകയാണ്. എം.ബി.എക്ക് തുല്യമാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബിസിനസ് അഡ്മിനിസ്‌ട്രേഷൻ എന്ന മന്ത്രിയുടെ വിശദീകരണം ചോദ്യം ചെയ്ത് നിരവധി പേർ ഇതോടകം തന്നെ രംഗത്തെത്തി. ബിരുദാനന്തര ബിരുദവും ഡിപ്ലോമയും തുല്യമാണ് എന്ന കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞത് എന്തടിസ്ഥാനത്തിലാണ് എന്ന ചോദ്യം ഉയർന്നുകഴിഞ്ഞു. 
ന്യൂനപക്ഷ കോർപ്പറേഷനിൽ എം.ഡിയെ നിയമിച്ചുകൊണ്ടുള്ള പരസ്യം കൊടുക്കാത്തതിൽ തെറ്റില്ലെന്നും ചെലവുചുരുക്കാൻ വേണ്ടിയാണ് പത്രക്കുറിപ്പ് നൽകിയെന്ന വാദവും നിലനിൽക്കുന്നതല്ല. ഇന്റർവ്യുവിൽ പോലും പങ്കെടുക്കാത്തയാളെ ക്ഷണിച്ചുകൊണ്ടുവന്നത് യോഗ്യതയുള്ള മറ്റാളുകൾ ഇല്ലാത്തത് കൊണ്ടാണെന്നുമുള്ള വാദവും മന്ത്രിയുടെ വിശദീകരണത്തിൽ മുഴച്ചുനിന്നു. യോഗ്യതയുള്ള ആളുകളെ നിങ്ങൾ കൊണ്ടുവന്നാൽ ഇപ്പോഴുള്ളയാളെ പിരിച്ചുവിട്ട് നിങ്ങൾ പറയുന്നയാളെ നിയമിക്കാമെന്ന വെല്ലുവിളിയാണ് മന്ത്രി നടത്തിയത്. സർക്കാർ സർവീസിൽ ഒരാളെ നിയമിക്കാൻ ഇത്രയെളുപ്പം കഴിയുമോ എന്ന് പത്രലേഖകർ ചോദിച്ചെങ്കിലും മന്ത്രിക്ക് മറുപടിയുണ്ടായില്ല.

പിതാവിന്റെ സഹോദരന്റെ മകന്റെ മകൻ എന്നത് അടുത്ത ബന്ധുത്വമല്ല എന്ന് മന്ത്രി പറഞ്ഞതും ശ്രദ്ധേയമായി. പിതാവിന്റെ സഹോദരന്റെ മകൻ എന്നാണ് പലരും പ്രയോഗിച്ചതെന്നും അടുത്ത ബന്ധുവല്ലെന്നുമാണ് ജലീൽ പറഞ്ഞത്. നിയമനം അനുവദിക്കുന്നത് ബന്ധുവായത് കൊണ്ട് തടസപ്പെടാൻ പാടില്ലന്ന വാദവും ജലീൽ ഉന്നയിച്ചു. 
പത്രസമ്മേളനം ക്ഷോഭത്തോടെയാണ് ജലീൽ അവസാനിപ്പിച്ചത്. നിങ്ങൾ ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യൂവെന്നും ഇക്കാര്യത്തിൽ തനിക്കൊരു ഭയവുമില്ലെന്നും ജലീൽ പറഞ്ഞു. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്നും അതിന് നിന്നുതരാൻ തയ്യാറല്ലെന്നും പറഞ്ഞാണ് ജലീൽ പത്രസമ്മേളനം അവസാനിപ്പിച്ചത്. വാർത്താസമ്മേളനത്തിലും തനിക്ക് നേരെ ഉയർന്ന ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ മന്ത്രിക്ക് സാധിച്ചിട്ടില്ലന്നാണ് വിലയിരുത്തൽ. 


ബന്ധുനിയമനത്തിൽ തെറ്റില്ല; നിയമനം റദ്ദാക്കില്ല-മന്ത്രി ജലീൽ

തിരുവനന്തപുരം- പിന്നോക്ക ധനകാര്യകോർപ്പറേഷനിൽ എം.ഡിയായി തന്റെ ബന്ധുവിനെ നിയമിച്ചതിൽ ഒരു തെറ്റുമില്ലെന്നും അന്വേഷണം നേരിടേണ്ട സഹചര്യമില്ലെന്നും മന്ത്രി ഡോ. കെ.ടി ജലീൽ. തീരുമാനത്തിൽ മാറ്റമില്ലെന്നും ഇക്കാര്യത്തിൽ ഒരു ഭയവുമില്ലെന്നും ജലീൽ പറഞ്ഞു. മാധ്യമങ്ങളുടെ അജണ്ടക്ക് വഴങ്ങില്ലെന്നും നിങ്ങൾക്ക കഴിയുന്നത് പോലെ ചെയ്യാമെന്നും മന്ത്രി പറഞ്ഞു. മുഴുവൻ മാനദണ്ഡങ്ങളും പാലിച്ചാണ് നിയമനം നടത്തിയതെന്നും ഇക്കാര്യത്തിൽ ആരോപണം ഉന്നയിക്കുന്നവരുടെ അജണ്ട വേറെയാണെന്നും ജലീൽ പറഞ്ഞു. 
ബി.ടെക് യോഗ്യത അയോഗ്യതയല്ലെന്നും 
റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജനടക്കം  ബി.ടെക് യോഗ്യതയുള്ള ആളായിരുന്നുവെന്നും ജലീൽ പറഞ്ഞു.  ധനകാര്യകോർപ്പറേഷനിൽ നിലവിലുണ്ടായിരുന്ന എം.ഡിയായിരുന്നയാൾ പോയതിന് ശേഷമാണ് പരിചയസമ്പന്നനായ ഒരാളെ ഡപ്യൂട്ടേഷനിൽ നിയമിക്കണം എന്ന് തീരുമാനം എടുത്തത്. ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ ഇപ്പോഴും പരമ്പരാഗത രീതിയിലാണ് കാര്യങ്ങൾ നടക്കുന്നത്. ഇത് കംപ്യൂട്ടർവത്കരിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.
സർക്കാറിന് താൽപര്യമുണ്ടെങ്കിൽ ആരെ വേണമെങ്കിലും നിയമിക്കാനാകും. നേരത്തെയും സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്ന് സർക്കാർ സർവീസിലേക്ക് ഡപ്യൂട്ടേഷനിൽ വന്നിട്ടുണ്ട്. മന്ത്രി കെ.എം മാണിയുടെ ബന്ധു ജെയിംസ് എന്നയാൾ ഇപ്രകാരം വന്നതാണ്.   സ്വകാര്യബാങ്കിൽ പ്രവർത്തിക്കുന്നവരെ ഡപ്യൂട്ടേഷനിൽ നിയമിക്കാനാകും. ഇന്റർവ്യൂവിൽ പങ്കെടുക്കാത്ത ഒരാളെ അങ്ങോട്ട് ചെന്ന് ക്ഷണിച്ചുകൊണ്ടുവന്നത് കോർപ്പറേഷനിൽ പരിഷ്‌കരണം നടത്തുന്നതിന് വേണ്ടിയാണ്. ഒരു പരസ്യവും വാർത്താകുറിപ്പും നൽകാതെയും ആളെ നിയമിക്കാമെന്നും ജലീൽ പറഞ്ഞു. വാർത്താകുറിപ്പ് കൊടുത്താലും ഇല്ലെങ്കിലും ആളെ ലഭിക്കില്ലെന്നും ജലീൽ പറഞ്ഞു. 

ധനകാര്യകോർപ്പറേഷനിൽനിന്ന് വായ്പ എടുത്ത പലരും ലീഗുകാരുമായി ബന്ധമുള്ളവരാണെന്നും അതാണ് വിവാദത്തിന് കാരണം. ലോൺ തിരിച്ചുപിടിക്കൽ ശ്രമം നടത്തുന്നതിനെതിരെയാണ് യൂത്ത് ലീഗ് വിവാദമുണ്ടാക്കുന്നത്. ഇക്കാര്യത്തിൽ തനിക്ക് ഒരു ഭയവുമില്ലെന്നും സ്വജനപക്ഷപാതം നടത്തിയിട്ടില്ലെന്നും ജലീൽ പറഞ്ഞു. എനിക്കെതിരെ എപ്പോഴെങ്കിലും ഒരു പടക്കം ശക്തിയിൽ പൊട്ടിക്കാനാകുമോ എന്നാണ് ലീഗ് നോക്കുന്നത്. പക്ഷെ അവർ പൊട്ടിക്കുന്നതെല്ലാം തൂറ്റിപോകുകയാണ്. കുടുംബശ്രീയിലെ അഴിമതി ആരോപിച്ച് നൽകിയ കേസിന്റെ വിധി എന്തായെന്നും ലീഗ് വ്യക്തമാക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു.
 

Latest News