തിരുവനന്തപുരം- ന്യൂനപക്ഷ ധനകാര്യകോർപ്പറേഷനിൽ എം.ഡിയായി തന്റെ ബന്ധുവിനെ നിയമിച്ചതിൽ ഒരു തെറ്റുമില്ലെന്നും അന്വേഷണം നേരിടേണ്ട സഹചര്യമില്ലെന്നും മന്ത്രി ഡോ. കെ.ടി ജലീൽ. തീരുമാനത്തിൽ മാറ്റമില്ലെന്നും ഇക്കാര്യത്തിൽ ഒരു ഭയവുമില്ലെന്നും ജലീൽ പറഞ്ഞു. മാധ്യമങ്ങളുടെ അജണ്ടക്ക് വഴങ്ങില്ലെന്നും നിങ്ങൾക്ക കഴിയുന്നത് പോലെ ചെയ്യാമെന്നും മന്ത്രി പറഞ്ഞു. മുഴുവൻ മാനദണ്ഡങ്ങളും പാലിച്ചാണ് നിയമനം നടത്തിയതെന്നും ഇക്കാര്യത്തിൽ ആരോപണം ഉന്നയിക്കുന്നവരുടെ അജണ്ട വേറെയാണെന്നും ജലീൽ പറഞ്ഞു.
ബി.ടെക് യോഗ്യത അയോഗ്യതയല്ലെന്നും റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജനടക്കം ബി.ടെക് യോഗ്യതയുള്ള ആളായിരുന്നുവെന്നും ജലീൽ പറഞ്ഞു. ധനകാര്യകോർപ്പറേഷനിൽ നിലവിലുണ്ടായിരുന്ന എം.ഡിയായിരുന്നയാൾ പോയതിന് ശേഷമാണ് പരിചയസമ്പന്നനായ ഒരാളെ ഡപ്യൂട്ടേഷനിൽ നിയമിക്കണം എന്ന് തീരുമാനം എടുത്തത്. ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ ഇപ്പോഴും പരമ്പരാഗത രീതിയിലാണ് കാര്യങ്ങൾ നടക്കുന്നത്. ഇത് കംപ്യൂട്ടർവത്കരിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.
സർക്കാറിന് താൽപര്യമുണ്ടെങ്കിൽ ആരെ വേണമെങ്കിലും നിയമിക്കാനാകും. നേരത്തെയും സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്ന് സർക്കാർ സർവീസിലേക്ക് ഡപ്യൂട്ടേഷനിൽ വന്നിട്ടുണ്ട്. മന്ത്രി കെ.എം മാണിയുടെ ബന്ധു ജെയിംസ് എന്നയാൾ ഇപ്രകാരം വന്നതാണ്. സ്വകാര്യബാങ്കിൽ പ്രവർത്തിക്കുന്നവരെ ഡപ്യൂട്ടേഷനിൽ നിയമിക്കാനാകും. ഇന്റർവ്യൂവിൽ പങ്കെടുക്കാത്ത ഒരാളെ അങ്ങോട്ട് ചെന്ന് ക്ഷണിച്ചുകൊണ്ടുവന്നത് കോർപ്പറേഷനിൽ പരിഷ്‌കരണം നടത്തുന്നതിന് വേണ്ടിയാണ്. ഒരു പരസ്യവും വാർത്താകുറിപ്പും നൽകാതെയും ആളെ നിയമിക്കാമെന്നും ജലീൽ പറഞ്ഞു. വാർത്താകുറിപ്പ് കൊടുത്താലും ഇല്ലെങ്കിലും ആളെ ലഭിക്കില്ലെന്നും ജലീൽ പറഞ്ഞു.
ധനകാര്യകോർപ്പറേഷനിൽനിന്ന് വായ്പ എടുത്ത പലരും ലീഗുകാരുമായി ബന്ധമുള്ളവരാണെന്നും അതാണ് വിവാദത്തിന് കാരണം. ലോൺ തിരിച്ചുപിടിക്കൽ ശ്രമം നടത്തുന്നതിനെതിരെയാണ് യൂത്ത് ലീഗ് വിവാദമുണ്ടാക്കുന്നത്. ഇക്കാര്യത്തിൽ തനിക്ക് ഒരു ഭയവുമില്ലെന്നും സ്വജനപക്ഷപാതം നടത്തിയിട്ടില്ലെന്നും ജലീൽ പറഞ്ഞു. എനിക്കെതിരെ എപ്പോഴെങ്കിലും ഒരു പടക്കം ശക്തിയിൽ പൊട്ടിക്കാനാകുമോ എന്നാണ് ലീഗ് നോക്കുന്നത്. പക്ഷെ അവർ പൊട്ടിക്കുന്നതെല്ലാം തൂറ്റിപോകുകയാണ്. കുടുംബശ്രീയിലെ അഴിമതി ആരോപിച്ച് നൽകിയ കേസിന്റെ വിധി എന്തായെന്നും ലീഗ് വ്യക്തമാക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു.