ബറേലി- ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കൗമാരക്കാരിയെ ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. കൃഷിയിടത്തില്‍ നിന്നും പാമ്പു കടിയേറ്റാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ചു ദിവസമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇവിടെ രോഗിയായി പെണ്‍കുട്ടി മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നും അഞ്ചു ആശുപത്രി ജീവനക്കാര്‍ ചേര്‍ന്നാണ് കുറ്റകൃത്യം നടത്തിയതെന്നും പോലീസ് പറഞ്ഞു. ഇവരില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുങ്ങിയ മറ്റു നാലു പേര്‍ക്കായി തിരച്ചില്‍ നടത്തി വരുന്നു. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ പരിശോധിക്കും.
യുണിഫോം അണിഞ്ഞെത്തിയ ഒരു ആശുപത്രി ജീവനക്കാരന്‍ നാലു സഹായികള്‍ക്കൊപ്പം രാത്രി ഐ.സി.യുവിലെത്തിയാണ് പീഡിപ്പിച്ചത്. ചെറുത്തപ്പോള്‍ ഇയാളുടെ സഹായികള്‍ ബലപ്രയോഗത്തിലൂടെ ഇഞ്ചക്ഷന്‍ ചെയ്തുവെന്നും പെണ്‍കുട്ടി മുത്തശ്ശിയോട് വെളിപ്പെടുത്തി. ഇതറിഞ്ഞ മുത്തശ്ശി ഉടന്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ പോലീസിനെയും അറിയിച്ചു. പെണ്‍കുട്ടിയെ പിന്നീട് ജനറല്‍ വാര്‍ഡിലേക്ക് മാറ്റി.