ന്യൂദല്‍ഹി- സഞ്ചരിക്കുന്ന ആശുപത്രിയുമായി ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലേക്ക്. വിഷന്‍ 2026 പദ്ധതിയുടെ ഭാഗമായി ദല്‍ഹിയില്‍ തുടക്കമിട്ട പദ്ധതി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉദ്ഘാടനം ചെയ്തു. ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതി. മെഡിക്കല്‍ പരിശോധനകള്‍, ലബോറട്ടറി, പ്രാഥമിക ശ്രുശൂഷ തുടങ്ങിയ സൗകര്യങ്ങള്‍ സഞ്ചരിക്കുന്ന ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്. മൊബൈല്‍ മെഡിക്കല്‍ സര്‍വീസിന് പുറമെ ആസ്റ്റര്‍ ആശുപത്രികളിലെ പ്രഗത്ഭ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സ്‌ക്രീനിങ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ആധുനിക ചികിത്സ നല്‍കും. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ദല്‍ഹിയില്‍ സ്ഥാപിച്ച അല്‍ശിഫ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് കീഴിലാണ് പദ്ധതി നടത്തിപ്പ്.
അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും പ്രാഥമിക സേവനങ്ങള്‍ ലഭ്യമാക്കാനുള്ള മൊഹല്ല ക്ലിനിക്കുകള്‍, പോളിക്ലിനിക്കുകള്‍ തുടങ്ങിയ സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നതാണ് ആസ്റ്റര്‍ വളണ്ടിയര്‍ മൊബൈല്‍ മെഡിക്കല്‍ സര്‍വീസെന്ന് പദ്ധതി ഉദ്ഘാടനം ചെയ്യവേ കെജ്‌രിവാള്‍ പറഞ്ഞു.
പ്രഥമ യൂനിറ്റ് ദല്‍ഹിയിലെ ചേരിപ്രദേശങ്ങളിലും ദരിദ്ര മേഖലകളിലും ആഴ്ചകളില്‍ ഒരു ദിവസം സേവനം ലഭ്യമാക്കുമെന്ന് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ടി. ആരിഫലി പറഞ്ഞു.