കേരളാ ബ്ലാസ്റ്റേഴ്‌സിന്റെയും ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെയും നായകൻ സന്ദേശ് ജിംഗാനുമായി അഭിമുഖം
ലോകത്തിലെ മികച്ച ഡിഫന്റർ?
എളുപ്പത്തിൽ ഉത്തരം പറയാൻ പറ്റുന്ന ചോദ്യമല്ല. എങ്കിലും ഇപ്പോഴത്തെ ഫോമിൽ റയൽ മഡ്രീഡിന്റെ ഫ്രഞ്ച് ഡിഫന്റർ റഫായേൽ വരാനാണ് എന്റെ വോ ട്ട്. അസാധാരണമാം വിധം കഠിനാധ്വാനം ചെയ്യുന്ന കളിക്കാരനാണ് വരാൻ. ചാമ്പ്യൻസ് ലീഗ് കിരീടവും ലോകകപ്പും നേടിക്കഴിഞ്ഞു. കഴിഞ്ഞ മൂന്നു നാലു വർഷത്തെ പ്രകടനം വിലയിരുത്തുമ്പോൾ മികച്ച ഡിഫന്റർ യുവന്റസിന്റെ ഇറ്റാലിയൻ താരം ലിയനാഡൊ ബോനൂചിയാണ്.
കളിക്കാനിറങ്ങും മുമ്പ് എന്തെങ്കിലും പതിവ് രീതികളുണ്ടോ?
പാട്ട് കേൾക്കുന്നതാണ് ഇഷ്ടം. ബ്രയാൻ ആഡംസിന്റേതു പോലെ അലസ ഗതിയിലുള്ള ചില ട്രാക്കുകൾ കേൾക്കും. മത്സരത്തിന് മുമ്പ് പൊതുവെ ശാന്തനായിരിക്കും ഞാൻ. ഏകാഗ്രത നിലനിർത്താൻ ശ്രമിക്കും. കളിക്കളത്തിൽ പലപ്പോഴും എതിരാളിയെ കൊല്ലുന്നതു പോലെയുള്ള ആവേശമാണെന്നറിയാം. എങ്കിലും എനിക്ക് പ്രത്യേകിച്ച് പ്രചോദനമൊന്നും ആവശ്യമില്ല. മത്സരത്തിന് മുമ്പ് എപ്പോഴും മാതാപിതാക്കളെ വിളിക്കും. അത് മനസ്സ് സന്തോഷത്തോടെ നിർത്താൻ സഹായിക്കും.
കളിക്കു പുറത്ത് ഇഷ്ട വിഷയമെന്താണ്?
എഴുത്ത് ഇഷ്ടമാണ്. കഥയും കവിതയും ദിവസം മുഴുവൻ ഇരുന്ന് എഴുതാൻ താൽപര്യമാണ്. പ്രത്യേകിച്ച് വിഷയമൊന്നും ആവശ്യമില്ല. എങ്കിലും ചില കഥാപാത്രങ്ങൾ മനസ്സിലുണ്ടാവും. ആ കഥാപാത്രത്തിന്റെ ചിന്തകളെന്ന രീതിയിലാണ് എന്റെ എഴുത്ത്. മൂന്നു നാലു വർഷം കൊണ്ട് എനിക്ക് പുസ്തകം പുറത്തിറക്കാനാവുമെന്നാണ് കരുതുന്നത്.
കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റനെന്ന നിലയിൽ എങ്ങനെയാണ് കളിക്കാർക്ക് പ്രചോദനം നൽകുന്നത്.
കളിക്കാരുമായി സംസാരിക്കുമ്പോൾ സംഭാഷണത്തിന്റെ ട്യൂൺ പ്രധാനമാണ്. ചിലപ്പോൾ കടുത്ത ഭാഷയിൽ സംസാരിക്കേണ്ടി വരും. പക്ഷേ കേരളാ ബ്ലാസ്റ്റേഴ്‌സ് പോലെ ഞാൻ കളിച്ച ടീമുകളിൽ വലിയ ജോലി ഭാരമില്ല. എല്ലാവരും സ്വന്തം ഉത്തരവാദിത്തം മനസ്സിലാക്കുന്നവരാണ്. നന്നായി പെരുമാറുന്നവരും.
ജൂനിയർ ഇന്ത്യൻ ടീമുകളെക്കുറിച്ച്?
അണ്ടർ-16 ടീം ഈയിടെ തെക്കൻ കൊറിയയോട് തോറ്റതോടെ അണ്ടർ-17 ലോകകപ്പിനുള്ള അവസരമാണ് നഷ്ടമായത്. എന്നാൽ ജൂനിയർ ടീമുകളുടെ മുന്നേറ്റം അദ്ഭുതാവഹമാണ്. എന്റെയൊക്കെ ചെറുപ്പകാലത്ത് തെക്കൻ കൊറിയയുമായി കളിച്ചിരുന്നുവെങ്കിൽ ഇന്ത്യൻ ടീം മൂന്നാലു ഗോളെങ്കിലും വഴങ്ങും. ഞങ്ങൾക്ക് കൊറിയക്കെതിരെ ഒരു സാധ്യതയും ആരും തരില്ല. എന്നാൽ ഇപ്പോഴത്തെ ജൂനിയർ ടീം വെറും ഒരു ഗോളിന് പൊരുതിത്തോൽക്കുകയായിരുന്നു. ഞങ്ങൾ ശരിയായ പാതയിലാണ് എന്നാണ് ഇത് നൽകുന്ന സൂചന.