2014 ജൂലൈയിലാണ് സന്ദേശ് ജിൻഗാൻ കേരളാ ബ്ലാസ്റ്റേഴ്‌സിൽ ചേരുന്നത് -തന്റെ ഇരുപത്തൊന്നാം ജന്മവാർഷികത്തിൽ. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ ബ്ലാസ്‌റ്റേഴ്‌സിന്റെ അരങ്ങേറ്റ മത്സരത്തിൽ ജിൻഗാൻ റിസർവ് ബെഞ്ചിലായിരുന്നു. രണ്ടാം മത്സരത്തിൽ ചെന്നൈയനെതിരെ പ്ലേയിംഗ് ഇലവനിലെത്തിയ ശേഷം തിരിഞ്ഞുനോക്കിയില്ല. ആദ്യ ഐ.എസ്.എല്ലിലെ മികച്ച ഭാവി വാഗ്ദാനമായി തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ ഫുട്‌ബോളിലെ വൻമതിലാണ് സന്ദേശ് ജിൻഗാൻ. വി.പി. സത്യനും ജോപോൾ അഞ്ചേരിയുമുൾപ്പെടെ നിരവധി വൻമതിലുകളെ ഇന്ത്യൻ ടീമിന് സമ്മാനിച്ച കേരളത്തിലാണ് ജിൻഗാൻ എന്ന പഞ്ചാബ് താരം പ്രൊഫഷനൽ ഫുട്‌ബോൾ വളർച്ച കൈവരിച്ചത്. കേരളാ ബ്ലാസ്‌റ്റേഴ്‌സിൽ ആദ്യ സീസൺ മുതൽ കാഴ്ച വെച്ച മിന്നുന്ന പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്തെത്താൻ ഈ ഡിഫന്ററെ സഹായിച്ചത്. മാഴ്‌സെലൊ ലിപ്പി പരിശീലിപ്പിച്ച ചൈനക്കെതിരെ ഈയിടെ ഇന്ത്യ സമനില കൈവരിച്ചത് പിൻനിരയിൽ ജിൻഗാൻ സൃഷ്ടിച്ച ഉറച്ച പ്രതിരോധത്തിന്റെ ബലത്തിലാണ്. ഗോൾരഹിത സമനില ഇന്ത്യയെ സംബന്ധിച്ചിടത്തോളം വൻ ജയത്തിന്റെ പ്രതീതിയാണ് ഉയർത്തിയത്. ചൈനയേക്കാൾ റാങ്കിംഗിൽ ഏറെ പിന്നിലാണ് ഇന്ത്യ.
ചൈനക്കെതിരെ ഇന്ത്യയുടെ മുൻനിരയിലും മധ്യനിരയിലും താളപ്പൊരുത്തം പ്രകടമായിരുന്നു. നല്ല നീക്കങ്ങൾ കൊരുത്തെടുക്കാൻ അവർ പലപ്പോഴും പ്രയാസപ്പെട്ടു. എന്നാൽ പിൻനിര അടിയുറച്ചു നിന്നു. ക്യാപ്റ്റന്റെ ആം ബാന്റ് ആദ്യമായി ലഭിച്ചത് ജിൻഗാന്റെ ആത്മവിശ്വാസം പതിന്മടങ്ങ് വർധിപ്പിച്ചു. ശബ്ദമെടുത്ത് ടീമിനെ വിന്യസിക്കുന്നതിൽ ജിൻഗാൻ നേതൃശേഷി പ്രകടിപ്പിച്ചു. സാഹസികമായ ടാക്കിളുകളിലൂടെ അപകടമകറ്റി. പല തവണ അവസാന സെക്കന്റിലാണ് ജിൻഗാന്റെ ഇടപെടൽ ടീമിനെ രക്ഷിച്ചത്.
ചണ്ഡീഗഢിലാണ് ജിൻഗാന്റെ ജനനം. അവിടെ സെയ്ന്റ് സ്റ്റീഫൻ അക്കാദമിക്കു കളിക്കവേ മാഞ്ചസ്റ്റർ യുനൈറ്റഡ് പ്രീമിയർ കപ്പിൽ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. അണ്ടർ-19 തലത്തിൽ ചണ്ഡീഗഢ് ടീമിനു കളിച്ചാണ് തുടങ്ങിയത്. ജിൻഗാൻ ഉൾപ്പെട്ട ചണ്ഡീഗഢ് ടീം അണ്ടർ-19 ബി.സി റോയ് ട്രോഫി നേടിയിട്ടുണ്ട്.
ഇതോടെ ജിൻഗാൻ ദേശീയ ഫുട്‌ബോൾ സ്‌കൗട്ടുമാരുടെ ദൃഷ്ടിയിൽ പതിഞ്ഞു. രണ്ടാം ഡിവിഷൻ ഐ-ലീഗിൽ യുനൈറ്റഡ് സിക്കിമിനു കളിക്കാൻ ക്ഷണം കിട്ടി. 2011 അവസാനം കരാറൊപ്പിട്ടു. അത് വലിയൊരു അവസരമായിരുന്നു. മുൻ ഇന്ത്യൻ നായകൻ ബൈചുംഗ് ബൂട്ടിയയുടെ ക്ലബ്ബാണ് സിക്കിം യുനൈറ്റഡ്. ബൈചുംഗ്, റെനഡി സിംഗ് എന്നിവർക്കൊപ്പം കളിക്കാൻ ജിൻഗാന് സാധിച്ചു. 2012 ൽ സിക്കിം യുനൈറ്റഡ് ഐ-ലീഗ് ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടി. 2012 ഒക്ടോബറിലായിരുന്നു സീനിയർ ഐ-ലീഗിൽ ജിൻഗാന്റെ അരങ്ങേറ്റം, സാൽഗോക്കറിനെതിരെ. അവിസ്മരണീയമായിരുന്നു അരങ്ങേറ്റം. 90 മിനിറ്റും ജിൻഗാൻ കളിച്ചു. 3-2 വിജയത്തിൽ ടീമിന്റെ വിജയ ഗോൾ നേടി. സ്‌പോർട്ടിംഗ് ഗോവക്കെതിരായ ടീമിന്റെ 1-2 തോൽവിയിൽ ടീമിന്റെ ഏക ഗോളടിച്ചതും ജിൻഗാനായിരുന്നു. 63 ഗോൾ വഴങ്ങുകയും ടീം തരംതാഴ്ത്തപ്പെടുകയും ചെയ്‌തെങ്കിലും ജിൻഗാന്റെ കഴിവ് അവഗണിക്കപ്പെട്ടില്ല. 2013 ൽ ചൈനീസ് ലീഗിൽ നിന്ന് ഡിഫന്റർക്ക് ക്ഷണം കിട്ടി. എന്നാൽ ഭാഗ്യം വഴിമാറി. ജിൻഗാൻ ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചൈനയിൽ സെലക്ഷൻ ട്രയൽസിന് പോകാൻ കഴിഞ്ഞില്ല. 2013 ൽ ഐ.എസ്.എല്ലിന്റെ ഭാഗമാവാൻ റിലയൻസുമായി കരാറൊപ്പിട്ടു. 2014 ലെ ആദ്യ ഐ.എസ്.എൽ സീസണിൽ തന്നെ ജിൻഗാൻ പുതിയ തലമുറ കളിക്കാരുടെ പതാകയേന്തി. വലിയ ആശയക്കുഴപ്പത്തിനു ശേഷമാണ് ജിൻഗാൻ ഐ.എസ്.എല്ലിൽ ചേർന്നത്. ഡെംപോയിൽ നിന്ന് വലിയ തുകയുടെ കരാർ ഓഫർ ലഭിച്ചിരുന്നു. ഐ.എസ്.എല്ലിന്റെ ഭാവിയെക്കുറിച്ച് അന്ന് പ്രവചിക്കാൻ കഴിയുമായിരുന്നില്ല. ഡെംപോയെ പരിശീലിപ്പിച്ചിരുന്നത് പ്രശസ്ത കോച്ച് ആർതർ പാപ്പാസുമായിരുന്നു. ഐ.എസ്.എൽ തുടങ്ങുന്നതു വരെ ജിൻഗാൻ ലോണിൽ മുംബൈ എഫ്.സിക്കു വേണ്ടി ഐ-ലീഗിൽ തുടർന്നു.
2014 ജൂലൈയിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സിൽ ചേരുന്നത് -തന്റെ ഇരുപത്തൊന്നാം ജന്മദിനത്തിൽ. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ ബ്ലാസ്‌റ്റേഴ്‌സിന്റെ അരങ്ങേറ്റ മത്സരത്തിൽ റിസർവ് ബെഞ്ചിലായിരുന്നു. രണ്ടാം മത്സരത്തിൽ ചെന്നൈയനെതിരെ പ്ലേയിംഗ് ഇലവനിലെത്തിയ ശേഷം തിരിഞ്ഞുനോക്കിയില്ല. ആദ്യ ഐ.എസ്.എല്ലിലെ മികച്ച ഭാവി വാഗ്ദാനമായി തെരഞ്ഞെടുക്കപ്പെട്ടു. ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തി. ഐ.എസ്.എൽ അവസാനിച്ച ശേഷം ലോണിൽ സ്‌പോർട്ടിംഗ് ഗോവക്കായി ഐ-ലീഗിൽ കളിച്ചു. ഐ-ലീഗിൽ ഏറ്റവും വേതനം കിട്ടുന്ന കളിക്കാരനായി.