ന്യൂദല്‍ഹി- ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഏതാനും രേഖകള്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിനു നല്‍കാന്‍ ദല്‍ഹി കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന്‍ നല്‍കിയ ചില ഇലക്്‌ട്രോണിക് തെളിവുകള്‍ മനസ്സിലാക്കാന്‍ പറ്റുന്നില്ലെന്ന് തരൂരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വികാസ് പഹ് വ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാല്‍ ദല്‍ഹി പോലീസിനു നിര്‍ദേശം നല്‍കിയത്. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തിയിരുന്നു.
തരൂരിന് പുതിയ കോപ്പികള്‍ നല്‍കുമെന്ന് പോലീസിനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ അറിയിച്ചു. കേസ് ഡിസംബര്‍ ഒന്നിലേക്ക് മാറ്റി.
നിരവധി സാക്ഷികള്‍ നല്‍കിയ മൊഴികള്‍ ഉള്‍പ്പെടുന്നതാണ് ഈ കേസിലെ രേഖകളും തെളിവുകളും. 2014 ജനുവരി ഏഴിന് രാത്രിയാണ് നഗരത്തിലെ ആഢംബര ഹോട്ടലിലെ മുറിയില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടത്. ശശി തരൂരിന്റെ ഔദ്യോഗിക വസതിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇരുവരും ഹോട്ടലില്‍ താമസിച്ചിരുന്നത്.
ശശി തരൂര്‍ നല്‍കിയ അപേക്ഷയിന്മേല്‍ കുറ്റപത്രത്തിന്റേയും തെളിവുകളുടേയും പകര്‍പ്പുകള്‍ അദ്ദേഹത്തിനു നല്‍കാന്‍ നേരാത്ത കോടതി ഉത്തരവിട്ടിരുന്നു. സമന്‍സ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരായ ശശി തരൂരിന് ജൂലൈ ഏഴിന് കോടതി സ്ഥിരം ജാമ്യം അനുവദിച്ചിരുന്നു.