കിര്‍കുക്- ഇറാഖില്‍ ഒരാഴ്ചക്കിടെ മൂന്ന് ഗ്രാമത്തലവന്മാരെ തീവ്രവാദികള്‍ കൊലപ്പെടുത്തി. സംഘര്‍ഷം തുടരുന്ന വടക്കന്‍ മേഖലയിലാണ് അധികാരികള്‍ക്കെതിരെ ആക്രമണം തുടരുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും പ്രതിനിധികളേയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
ഐ.എസിനെ പൂര്‍ണമായും ഉന്മൂലനം ചെയ്തുവെന്ന് ഇറാഖ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഭീകരരുടെ ചെറുസംഘങ്ങള്‍ ഇപ്പോഴും ഭീഷണി ഉയര്‍ത്തുകയാണ്. വടക്കന്‍ പ്രവിശ്യയായ കിര്‍കുക് പോലുള്ള മലയോര പ്രദേശങ്ങളിലാണ് പ്രധാനമായും ഇവരുടെ സായുധ പോരാട്ടം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും സര്‍ക്കാര്‍ സംവിധാനങ്ങളേയുമാണ് ഐ.എസുമായി ബന്ധമുണ്ടായിരുന്ന തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്. മുഖ്താര്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രാദേശിക ഭരണകൂട ഉദ്യോഗസ്ഥരേയും ആക്രമിക്കുന്നു.
ഹാവിജ പട്ടണത്തിനു സമീപത്തെ മഹ്്മൂദിയ ഗ്രാമത്തിലെ മുഖ്താറിനെയാണ് ഏറ്റവും ഒടുവില്‍ വെള്ളിയാഴ്ച കൊലപ്പെടുത്തിയത്. ഐ.എസില്‍നിന്ന് ഏറ്റവും അവസാനമായി ഇറാഖി സേന വിമോചിപ്പിച്ച പട്ടണമാണ് ഹാവിജ. ഇവിടെ നിന്ന് ഐ.എസുകാര്‍ ഗ്രാമങ്ങളിലേക്ക് ചേക്കേറിയെന്നാണ് കരുതുന്നത്. ഐ.എസുകാരാണ് മഹ്്മൂദിയ മുഖ്താര്‍ അബ്ദുല്ല ാല്‍ വാസ്മിയുടെ വീട് ആക്രമിച്ച് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സമീപത്തെ ഗ്രാമമായ ഹനൂതിയയിലെ മുഖ്താറിനെ ബുധനാഴ്ച രാത്രി വൈകിയാണ് കൊലപ്പെടുത്തിയത്. ഹാവിജക്കു സമീപത്തുള്ള ജസ്സീമിയ ഗ്രാമത്തിലെ മുഹമ്മദ് ജുമായാണ് കൊല്ലപ്പെട്ട മറ്റൊരു മുഖ്താര്‍. ഇദ്ദേഹത്തെ വീടിനു പുറത്തേക്ക് കൊണ്ടുവന്ന് വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. കിര്‍കുക് പ്രവിശ്യയില്‍ ഏഴു മാസത്തിനിടെ ഭീകരര്‍ വധിച്ച ഗ്രാമ മുഖ്യന്മാരുടെ എണ്ണം ഒമ്പതായി.