ന്യൂദൽഹി- മുൻ കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരായ ലൈംഗീക പീഡനപരാതിയിൽ ഉറച്ചുനിൽക്കുന്നതായി വിദേശമാധ്യമപ്രവർത്തക പല്ലവി ഗൊഗോയ്. സ്ഥാപനത്തിലെ മേലധികാരി എന്ന അധികാരം ഉപയോഗിച്ചാണ് അക്ബർ തന്നെ പീഡിപ്പിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു എന്ന ആരോപണം തെറ്റാണെന്നും ബലം പ്രയോഗിച്ചാണ് പീഡിപ്പിച്ചതെന്നും പല്ലവി വ്യക്തമാക്കി.
പല്ലവിയുടെ ആരോപണം തെറ്റാണെന്ന് ഇന്നലെ എം.ജെ അക്ബറും അദ്ദേഹത്തിന്റെ ഭാര്യ മല്ലികയും വ്യക്തമാക്കിയിരുന്നു. അമേരിക്കയിൽ മാധ്യമ പ്രവർത്തകയായ പല്ലവി ഗോഗോയിയുമായി തനിക്കുണ്ടായിരുന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് അക്ബറിന്റെ വിശദീകരണം. പല്ലവിയുടെ ആരോപണത്തെ എതിർത്ത് എം.ജെ അക്ബറിന്റെ ഭാര്യ മല്ലിക രംഗത്തെത്തി.
അക്ബറിനെതിരായി ഇത്രയും കാലം ഉയർന്നു വന്ന മീ ടൂ ആരോപണങ്ങളിൽ താൻ മൗനം പാലിച്ചു. എന്നാൽ, തന്റെ ഭർത്താവ് മാനംഭംഗം ചെയ്തു എന്ന് പല്ലവി ഗോഗോയി വെളിപ്പെടുത്തിയതോടെയാണ് ഇപ്പോൾ സംസാരിക്കുന്നത്. ഇക്കാര്യത്തിൽ സത്യം തനിക്കറിയാം. ഇരുപത് വർഷങ്ങൾക്ക് മുൻപ് തങ്ങളുടെ വീട്ടിൽ വെച്ചു തന്നെയാണ് അക്ബറും പല്ലവിയും തമ്മിലുള്ള ബന്ധം മുറിഞ്ഞത്. പല്ലവിയുമായി തന്റെ ഭർത്താവിനുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും രാത്രി വൈകിയുള്ള ഫോൺ വിളികളെക്കുറിച്ചുമൊക്കെ തനിക്കറിയാമായിരുന്നു. അതു വഴി പല്ലവി തന്റെ കുടുംബത്തെ ആഴത്തിൽ വേദനിപ്പിക്കുകയും ചെയ്തിരുന്നു.
ഒരിക്കൽ ഏഷ്യൻ ഏജിന്റെ ഭാഗമായി തങ്ങളുടെ വീട്ടിൽ നടത്തിയ ഒരു പാർട്ടിയിൽ അക്ബറും പല്ലവിയും പരസ്യമായി അടുത്തിടപഴകി നൃത്തം ചെയ്യുന്നതും കണ്ടു. ഇക്കാര്യം ഭർത്താവിനെ ചൂണ്ടിക്കാട്ടിയപ്പോൾ അന്നു മുതൽ കുടുംബത്തിന് കൂടുതൽ പ്രധാന്യം നൽകാൻ അദ്ദേഹം തീരുമാനം എടുത്തു. ഇതിന് മുൻപ് അക്ബറിനെതിരേ ആരോപണം ഉന്നയിച്ച തുഷിത പാട്ടീലും പല്ലവിയും തങ്ങളുടെ വീട്ടിലെ നിത്യ സന്ദർശകരായിരുന്നു. അവർ വീട്ടിലിരുന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ പല്ലവി നുണ പറയുന്നത് എന്തിനാണെന്ന് തനിക്കു മനസിലാകുന്നില്ലെന്നും എം.ജെ അക്ബറിന്റെ ഭാര്യ മല്ലിക പ്രസ്താവനയിൽ അറിയിച്ചു.
നാഷണൽ പബ്ലിക് റേഡിയോയുടെ ചീഫ് ബിസിനസ് കറസ്‌പോണ്ടന്റായ പല്ലവി ഗോഗോയി ഇരുപതു വർഷം മുൻപ് താൻ ഏഷ്യൻ ഏജ് പത്രത്തിൽ പ്രവർത്തിച്ചിരുന്ന കാലത്ത് അക്ബർ പീഡിപ്പിച്ചു എന്നാണ് വാഷിംഗ്ടൺ പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. 1994ൽ അക്ബറിന്റെ ഓഫീസിൽ അടുത്ത ദിവസത്തെ പത്രത്തിന്റെ പേജ് കാണിക്കുവാൻ ചെന്നതാണ്. പെട്ടെന്ന് തന്നെ അദ്ദേഹം കടന്നു പിടിച്ചു ചുംബിച്ചു. പിന്നീട് മറ്റൊരിക്കൽ കുറച്ച് മാസങ്ങൾക്ക് ശേഷം ബോംബെയിൽ വെച്ച് താജ് ഹോട്ടലിന്റെ അക്ബറിന്റെ മുറിയിലേക്കു വിളിപ്പിച്ചു കടന്നാക്രമിച്ചു എന്നും പല്ലവി വാഷിംഗ്ടൺ പോസ്റ്റിലെ കോളത്തിലൂടെ വെളിപ്പെടുത്തിയത്. പിന്നീട് ഒരു വർഷത്തിന് ശേഷം ജയ്പൂരിൽ വെച്ച് ഹോട്ടൽ മുറിയിൽ വെച്ച് മാനംഭംഗം ശ്രമം നടത്തിയെന്നും പല്ലവി ആരോപിക്കുന്നു. അന്ന് തന്നേക്കാൾ ബലവാനായ അക്ബർ തന്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റി തന്നെ മാനഭംഗപ്പെടുത്തി എന്നാണ് പല്ലവി വെളിപ്പെടുത്തിയത്. അന്ന് ഇക്കാര്യത്തിൽ പരാതിപ്പെട്ടിരുന്നെങ്കിൽ പോലും ആരും വിശ്വസിക്കുമായിരുന്നില്ല. നിസഹായയായ തന്നെ അക്ബർ പിന്നീട് പലപ്പോഴും ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നും അവർ പറയുന്നു.
എന്നാൽ, 1994 കാലത്ത് പല്ലവി ഗോഗോയിയുമായി തനിക്കുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നും അത് ഏതാനും മാസം മാത്രമേ നീണ്ടു നിന്നിരുന്നുള്ളു എന്നാണ് അക്ബറിന്റെ വിശദീകരണം. വ്യക്തി ജീവിതത്തിൽ ഏറെ പ്രശ്‌നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്നാണ് പല്ലവിയുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും അക്ബർ പറയുന്നു.