Sorry, you need to enable JavaScript to visit this website.

ശുഭ വാര്‍ത്തയുമായി യോഗി അയോധ്യയിലേക്ക്; കൂറ്റന്‍ പ്രതിമയെന്ന് അഭ്യൂഹം

ലഖ്‌നൗ- രാമക്ഷേത്രത്തിന്റെ പേരില്‍ ഹിന്ദുവികാരം വീണ്ടും ഉണര്‍ത്താനുള്ള ശ്രമങ്ങള്‍ ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ ആരംഭിച്ചിരിക്കെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലേക്ക്. ദീപാവലിയോടനുബന്ധിച്ച് ഈ മാസം ആറിന് നടക്കുന്ന ദീപോത്സവില്‍ പങ്കെടുക്കാനാണ് ആദിത്യനാഥ് അയോധ്യ സന്ദര്‍ശിക്കുന്നത്.
ക്ഷേത്രം സംബന്ധിച്ച് ദീപാവലി ദിവസം മുഖ്യമന്ത്രി സുപ്രധാന പ്രഖ്യാപനം നടത്തുമെന്നാണ് യു.പി സര്‍ക്കാര്‍ വൃത്തങ്ങളും ബി.ജെ.പി വൃത്തങ്ങളും പറയുന്നത്.
മുഖ്യമന്ത്രി ആദിത്യനാഥ് ഒരു സന്യാസിയാണ്. അയോധ്യക്ക് വേണ്ടി അദ്ദേഹം ഒരു പദ്ധതി തയാറാക്കിയിട്ടുണ്ട്. ദീപാവലിക്ക് ക്ഷേത്രം സംബന്ധിച്ച് നല്ല വാര്‍ത്ത അദ്ദേഹം ജനങ്ങള്‍ക്ക് സമ്മാനിക്കും. ദീപോത്സവത്തില്‍ പങ്കെടുക്കാന്‍ അയോധ്യയില്‍ എത്തുന്ന ദിവസം ഇത് അദ്ദേഹം വെളിപ്പടുത്തും- സംസ്ഥന ബി.ജെ.പി പ്രസിഡന്റ് മഹേന്ദ്ര നാഥ് പാണ്ഡേ പറഞ്ഞു.
1990 ലേതു പോലെ രാമക്ഷേത്ര രഥയാത്ര ആരംഭിക്കുമെന്ന് ആര്‍.എസ്.എസ് വക്താവ് ഭയ്യാജി ജോഷി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാണ്ഡേയുടെ പ്രസ്താവന.
അയോധ്യ തര്‍ക്കം ഉടന്‍ പരിഹരിക്കാണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ ഏതാനും ദിവസം മുമ്പ് ആവശ്യപ്പെട്ടിരുന്നു. നീതി യഥാസമയം ലഭ്യമാക്കിയാല്‍ മാത്രമേ നീതിപൂര്‍വകമാകുകയുള്ളൂവെന്നും വൈകിയാല്‍ അത് അനീതിയാകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
മ്യൂസിയം, ആര്‍ട് ഗാലറി, അയോധ്യയില്‍ രാമന്റെ പേരില്‍ സമര്‍പ്പിക്കുന്ന എയര്‍പോര്‍ട്ട് എന്നീ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിലൂടെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള തന്റെ പ്രതിബദ്ധത യോഗി ആദിത്യനാഥ് ജനങ്ങളെ ബോധ്യപ്പെടത്തുമെന്നാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് പറയുന്നത്.
സരയൂ നദീതീരത്ത് രാമന്റെ കൂറ്റന്‍ പ്രതിമ നിര്‍മിക്കുന്ന കാര്യവും മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് കരുതുന്നുണ്ട്. 330 കോടി രൂപ ചെലവില്‍ 100 മീറ്റര്‍ ഉയരമുള്ള രാമന്റെ പ്രതിമ സ്ഥാപിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി. സരയൂ നദിക്കു സമീപം 36 മീറ്റര്‍ ഉയരത്തിലായിരിക്കും പ്രതിമ സ്ഥാപിക്കുക. നല്ല വാര്‍ത്തയുമായാണ് അയോധ്യയിലേക്ക് പോകുകയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ 31 ന് ഖൊരക്പൂരില്‍ പ്രസ്താവിച്ചിരുന്നു.

 

 

Latest News