കണ്ണൂർ- പ്രവാസിയെ കള്ളക്കേസിൽ ജയിലിലടച്ച സംഭവത്തിൽ എസ്.ഐയെ സ്ഥലം മാറ്റി. കതിരൂർ സ്വദേശിയും ഖത്തറിലെ പ്രവാസിയുമായ താജുദ്ദീനെ മാല കവർച്ചാ കേസിൽ ഉൾപ്പെടുത്തി ജയിലിലടച്ച സംഭവത്തിൽ ചക്കരക്കൽ എസ്.ഐ പി.ബിജുവിനെയാണ് കണ്ണൂർ ട്രാഫിക്കിലേക്കു സ്ഥലം മാറ്റിയത്.
പെരളശ്ശേരിയിൽ നടന്ന മാല പൊട്ടിക്കൽ കേസിൽ പ്രതി ചേർക്കപ്പെട്ട താജുദ്ദീനെ 54 ദിവസം ജയിലിൽ അടച്ചിരുന്നു. ജാമ്യം ലഭിച്ച് പുറത്തു വന്ന ശേഷം, മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയിൽ നടത്തിയ സമഗ്രാന്വേഷണത്തിലാണ് താജുദ്ദീനെ ആളുമാറി അറസ്റ്റു ചെയ്തതെന്ന് വ്യക്തമായത്. തുടർന്ന് ഇദ്ദേഹത്തെ കേസിൽനിന്നു ഒഴിവാക്കി. സി.സി.ടി.വിയിൽ നിന്നു ലഭിച്ച ദൃശ്യങ്ങളുടെ സാദൃശ്യമാണ് താജുദ്ദീനെ കേസിൽ ഉൾപ്പെടുത്താൻ കാരണം. എസ്.ഐയെ പുറത്താക്കണമെന്നവശ്യപ്പെട്ട് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തിയിരുന്നു.