ഇസ്ലാമാബാദ്- താലിബാന്റെ പിതാവ് എന്നറിയപ്പെടുന്ന പാക്കിസ്ഥാനി ഇമാം സമീഉല്‍ ഹഖ് കൊല്ലപ്പെട്ടു. ഇസ്ലാമാബാദിനു പറുത്തുള്ള വീട്ടില്‍ അതിക്രമിച്ച് കയറിയവരാണ് 82 കാരനായ സമീഉല്‍ ഹഖിനെ കുത്തിയും വെടിവെച്ചും കൊലപ്പെടുത്തിയത്.
മതനിന്ദ ആരോപിക്കപ്പെട്ട ക്രൈസ്തവ വനിതയുടെ വധശിക്ഷ ഒഴിവാക്കിയ സുപ്രീം കോടതി ഉത്തരവിനെതിരെ രാജ്യത്ത് പ്രതിഷേധം വ്യാപിക്കുന്നതിനിടയിലാണ് ഈ സംഭവം. പ്രതിഷേധവുമായി ബന്ധപ്പെട്ടാണോ കൊലപാതകമെന്ന് വ്യക്തമല്ല. ജുമുഅ നമസ്‌കാരത്തിനുശേഷം പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ സമീഉല്‍ ഹഖ് തീരുമാനിച്ചിരുന്നുവെന്നും റോഡ് ബ്ലോക്ക് കാരണം വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും അക്രമാസക്തരായ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു. മൗലാന സമിയുടെ മരണം പാക്കിസ്ഥാന് വലിയ നഷ്ടമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും അനുശോചന സന്ദേശങ്ങളില്‍ പറഞ്ഞു.