വാഷിംഗ്ടണ്‍- ഇറാനെതിരായ എല്ലാ ഉപരോധങ്ങളും പുനഃസ്ഥാപിച്ചതായി യു.എസ്. ഭരണകൂടം അറിയിച്ചു. 2015 ല്‍ ഇറാനുമായി ഉണ്ടാക്കിയ ആണവ കരാറിനുശേഷം പിന്‍വലിച്ച ഉപരോധ നടപടികളാണ് പുനഃസ്ഥാപിച്ചിരിക്കുന്നത്.
ഇറാന്റെ പെട്രോള്‍, ഷിപ്പിംഗ്, ബാങ്കിംഗ് മേഖലകളെ ലക്ഷ്യമിടുന്നതാണ് ഉപരോധം. ഏറ്റവും കര്‍ശനമായ ഉപരോധമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് പത്രക്കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി തുടരുന്ന ഇന്ത്യടക്കമുള്ള എട്ട് രാജ്യങ്ങള്‍ക്കെതിരെ തല്‍ക്കാലം ശിക്ഷാ നടപടിയുണ്ടാവില്ല.
കരാറിന്റെ കാതല്‍ തന്നെ അബദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മേയിലാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന്‍ ആണവ കരാര്‍ പിന്‍വലിച്ചത്. കരാറില്‍നിന്ന് ഏകപക്ഷീയമായ പിന്മാറിയ അമേരിക്ക കഴിഞ്ഞ മേയ് മുതല്‍ ഉപരോധം പടിപടിയായി ശക്തമാക്കി വരികയായിരുന്നു. അതേസമയം, അവസാനമായി പ്രഖ്യാപിച്ചിരിക്കുന്ന നടപടികളാണ് ഏറ്റവും പ്രധാനം. കാരണം ഇതാണ് ഇറാന്റെ പ്രധാന മേഖലകളെ ബാധിക്കാന്‍ പോകുന്നത്.
ഉപരോധം തിരിച്ചുവന്നതില്‍ ആശങ്കയില്ലെന്നാണ് ഇറാന്റെ പ്രതികരണമെന്ന് വിദേശ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാദ ആണവ പരിപാടികള്‍ പരിമിതപ്പെടുത്തുമെന്നാണ് നേരത്തെ ഉപരോധം പിന്‍വലിക്കുന്നതിന് പകരമായി ഇറാന്‍ വാഗ്ദാനം ചെയ്തിരുന്നത്. ആണവായുധങ്ങള്‍ നിര്‍മിക്കുന്നതില്‍നിന്ന് ഇറാനെ തടയാന്‍ ഈ കരാര്‍ പര്യാപ്തമാണെന്ന് അന്ന് യു.എസ് പ്രസിഡന്റായിരുന്ന ബറാക് ഒബാമ പറഞ്ഞിരുന്നു. എന്നാല്‍ ബാലിസ്റ്റിക് മിസൈല്‍ നിര്‍മിക്കുന്നതില്‍നിന്നോ സിറിയയിലും യെമനിലും ഇടപെടുന്നതില്‍നിന്നോ ഇറാനെ തടയാന്‍ കരാറിലൂടെ സാധിച്ചിട്ടില്ലെന്നും സ്വീകാര്യമല്ലെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്.
കപ്പല്‍ ഗതാഗതം, കപ്പല്‍ നിര്‍മാണം, സാമ്പത്തികം, ഊര്‍ജം തുടങ്ങിയ മേഖലകളെ ബാധിക്കുന്ന ഉപരോധം ഈ മാസം അഞ്ച് മുതലാണ് പ്രാബല്യത്തില്‍ വരിക. വ്യക്തികള്‍, സ്ഥാപനങ്ങള്‍, കപ്പലുകള്‍, വിമാനങ്ങള്‍ തുടങ്ങിയ 700 പേരുകള്‍ ഉപരോധ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. പ്രധാന ബാങ്കുകളും എണ്ണ കയറ്റുമതിക്കാരും ഷിപ്പിംഗ് കമ്പനികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇറാന്റെ പെരുമാറ്റം അടിസ്ഥാനപരമായി മാറ്റാനുതകുന്നതാണ് ഉപരോധമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഉപരോധം പിന്‍വലിക്കാന്‍ 12 ഉപാധികള്‍ ഇറാനു മുന്നില്‍വെച്ചിട്ടുണ്ട്. ഭീകരതക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുക, സറിയയില്‍ സൈനികമായി ഇടപെടരുത്, ആണവ, ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണവും വികസനവും പൂര്‍ണമായും അവസാനിപ്പിക്കുക എന്നിവ ഇതിലുണ്ട്. ഉപരോധം ലംഘിച്ചുകൊണ്ട് ഇറാനുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളെ ശിക്ഷിക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയുടെ സഖ്യകക്ഷികളായ ഇറ്റലി, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയടക്കം എട്ടു രാജ്യങ്ങളെയാണ് ശിക്ഷാ നടപടിയില്‍നിന്ന് ഒഴിവാക്കുന്നത്. തുര്‍ക്കിയും ഇളവ് നേടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ചില രാജ്യങ്ങള്‍ക്ക് ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഉടന്‍ അവസാനിപ്പിക്കാനാകില്ലെന്നും അവര്‍ ക്രമേണ ഇറക്കുമതി കുറക്കുകയും അവസാനിപ്പിക്കുകയും ചെയ്യുമെന്ന് മൈക്ക് പോംപിയോ പറഞ്ഞു.
സ്വന്തം സമ്പദ്ഘടന മുന്നോട്ടു കൊണ്ടുപോകാനുള്ള അറിവും ശേഷിയും തങ്ങള്‍ക്കുണ്ടെന്ന് ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ബഹ്‌റം ഖാസിമി പറഞ്ഞു. ഉപരോധത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്ന സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ വിദൂര സാധ്യത പോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.