ന്യൂദല്‍ഹി- മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നല്‍കിയ ഹരജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഇതോടെ, സമസ്തയുടെ അഭിഭാഷകന്‍ ഹരജി പിന്‍വലിക്കുന്നതായി കോടതിയെ അറിയിച്ചു. പാര്‍ലമെന്റിന്റെ ശൈത്യകാലസ മ്മേളനം ഈമാസാവസാനം തുടങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസ്സാക്കിയില്ലെങ്കില്‍ സ്വാഭാവികമായും അസാധുവാകുന്നതിനാല്‍ ചുരുങ്ങിയ സമയത്തിനിടെ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും ബന്ധപ്പെട്ട മറ്റുകക്ഷികളുടെയും വാദങ്ങള്‍ കേള്‍ക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നതു വരെയുള്ള കാലയളവില്‍ മുത്തലാഖ് ഓര്‍ഡിനന്‍സ് പ്രകാരം ശിക്ഷാനടപടികള്‍ എടുക്കരുതെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. ഉന്നയിച്ച വാദങ്ങള്‍ പ്രസക്തമാണെന്നും എന്നാല്‍, ഇപ്പോഴത്തെ ഘട്ടത്തില്‍ കേസിന്റെ മെറിറ്റിലേക്കു പോകാന്‍ കഴിയില്ലെന്നുമായിരുന്നു ഇതിനോട് ബെഞ്ചിന്റെ പ്രതികരണം. ഓര്‍ഡിനന്‍സ് പാര്‍ലമെന്റില്‍ നിയമമായി വരികയോ കാലാവധി തീരുന്ന മുറക്കു ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കുകയോ ചെയ്താല്‍ അത് ചോദ്യംചെയ്ത് കോടതിയെ സമീപിക്കാമെന്നും ചീഫ്ജസ്റ്റിസ് വാക്കാല്‍ വ്യക്തമാക്കി. ഇതോടെ കേസ് പിന്‍വലിക്കുകയാണെന്ന് സമസ്തക്കു വേണ്ടി ഹാജരായ അഭിഭാഷകരായ പി.എസ് സുല്‍ഫിക്കര്‍ അലി അറിയിച്ചു.