ബിഹാറില്‍ മുസ്ലിം വയോധികനെ ആള്‍ക്കൂട്ടം മര്‍ദിച്ച് അവശനാക്കി ജീവനോടെ കത്തിച്ചു; മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയില്ല

പട്‌ന- ബിഹാറിലെ സിതാമാഡിയില്‍ ഒക്ടോബര്‍ 20ന് ദുര്‍ഗാ പൂജാ ജാഥയ്ക്കിടെ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷ സ്ഥലത്ത് ഹിന്ദുത്വ തീവ്രവാദികള്‍ അതു വഴി കടന്നു പോകുകയായിരുന്ന 80കാരനായ മുസ്ലിം വയോധികനെ പിടികൂടി മര്‍ദിച്ചു കൊലപ്പെടുത്തകയും വലിച്ചിഴച്ച് ഒടുവില്‍ മൃതദേഹം ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ തീയിട്ട് കത്തിക്കുകയും ചെയ്തു. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും മാധ്യമങ്ങളില്‍ വാര്‍ത്തയാകാതിരുന്ന അതിദാരുണമായ ഈ വിദ്വേഷ ആക്രമണത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പുറം ലോകം അറിയുന്നത്. 

സംഭവം ഇങ്ങനെ
മുസ്ലിം ഭൂരിപക്ഷ മേഖലയായ സിതാമാഡിയിലെ ഒരു വഴിയിലൂടെ ദുര്‍ഗ പൂജ ജാഥ കടന്നു പോകുന്നത് ചിലര്‍ തടഞ്ഞു. സംഘര്‍ഷമുണ്ടാക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പോലീസ് പറയുന്നു. തടയപ്പെട്ടതോടെ ജാഥയിലുണ്ടായിരുന്നവര്‍ ആക്രമസക്തരാകുകയും ഇരു വിഭാഗങ്ങളും ഏറ്റുമുട്ടുകയും ചെയ്തു. പോലീസ് ഇടപെട്ടാണ് തടഞ്ഞത്. പിന്നീട് ഇതു വഴി കടന്നു പോകുകകയായിരുന്ന 80-കാരനായ സൈനുല്‍ അന്‍സാരി എന്ന വയോധികനെ ഇവര്‍ പിടികൂടി ആക്രമിക്കുകയായിരുന്നു. തന്റെ മകളുടെ വീട്ടില്‍ പോയി മടങ്ങി വരികയായിരുന്ന സൈനുലിന് സംഘര്‍ഷവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. സൈനുലിനെ പിടികൂടിയ ആക്രമികള്‍ മര്‍ദിച്ച് അവശനാക്കി തെരുവിലൂടെ വലിച്ചിഴച്ച ശേഷം ആളുകള്‍ നോക്കി നില്‍ക്കെ ജീവനോടെ തീയിടുകയായിരുന്നു. ഈ സംഭവംത്തിന്റെ ചിത്രങ്ങളും വിഡിയോയും വൈറലായി. 

രണ്ടു ദിവസത്തിനു ശേഷമാണ് സൈനുലിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുത്തത്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. വ്യാജ വാര്‍ത്തയും അഭ്യൂഹങ്ങളും പടരുന്നത് തടയാനാണിത്. സംഭവവുമായി ബന്ധപ്പെട്ട് ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് സുപ്രണ്ട് വികാശ് ബര്‍മന്‍ പറഞ്ഞു. 38 പേരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ പേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ബര്‍മന്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. ഈ സംഭവം ആദ്യം റിപോര്‍ട്ട് ചെയ്ത പ്രാദേശിക വാര്‍ത്താ സൈറ്റായ മിലി ടൈംസിനോട് സംഭവത്തിന്റെ വിഡിയോ എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
 

Latest News