പല്ലവിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെ; ഭാര്യ പ്രശ്‌നമാക്കിയപ്പോള്‍ നിര്‍ത്തിയെന്ന് അക്ബര്‍

ന്യുദല്‍ഹി- യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തന്റെ മുന്‍ സഹ പ്രവര്‍ത്തക പല്ലവി ഗൊഗോയിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നെന്ന മറുപടിയുമായി പീഡന ആരോപണ വിധേയനായ മുന്‍ മന്ത്രി എം.ജെ അക്ബര്‍ രംഗത്ത്. നിരന്തരം ലൈംഗികാതിക്രമം നടത്തിയെന്നും ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നുമുള്ള പല്ലവിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും 1994ല്‍ ഏതാനു മാസങ്ങള്‍ തങ്ങള്‍ക്കിടയിലുണ്ടായിരുന്ന ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇതു കുടുംബത്തെ ജീവിതത്തെ ബാധിക്കുകയും ഭാര്യ ഇടപെട്ടതോടെ അവസാനിപ്പിക്കുകയായിരുന്നെന്നുമാണ് അക്ബറിന്റെ മറുപടി. ഈ ബന്ധം ഒരു പക്ഷെ അവസാനിച്ചത് ശുഭകരമായല്ലായിരിക്കാം- അദ്ദേഹം പറഞ്ഞു.

വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തിലാണ് അക്ബറില്‍ നിന്നേറ്റ ലൈംഗിക പീഡന കഥ പല്ലവി വിശദമായി എഴുതിയത്. ഇതു വലിയ വാര്‍ത്തയായതോടെ അക്ബര്‍ ഉടന്‍ മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു.  

എന്നോടൊപ്പം ജോലി ചെയ്തവരും ഞങ്ങളെ രണ്ടു പേരെ അറിയുന്നവര്‍ക്കും ഇത് അറിയാം. ഒരു ഘട്ടത്തിലും പല്ലവി ബലാല്‍ക്കാരത്തിന് വിധേയമാക്കപ്പെട്ടിട്ടില്ലെന്ന് പല്ലവിയുടെ പെരുമാറ്റത്തിലൂടെ അവര്‍ക്ക് അറിയുന്നതാണ്- അക്ബര്‍ വിശദീകരിച്ചു. 

അതിനിടെ, 20ഓളം വനിതാ മാധ്യപ്രവര്‍ത്തകര്‍ അക്ബറില്‍ നിന്ന് പീഡനമേറ്റു വാങ്ങിയ സംഭവങ്ങള്‍ വെളിപ്പെടുത്തിയിട്ടും രംഗത്ത് വരാതിരുന്ന അക്ബറിന്റെ ഭാര്യ മല്ലിക അക്ബര്‍ ഇന്ന് ആദ്യമായി ഭര്‍ത്താവിനെ പിന്തുണച്ച് രംഗത്തെത്തി. പല്ലവിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നെന്നും കുടുംബത്തില്‍ പല്ലവി കുഴപ്പത്തിനിടയാക്കിയെന്നും മല്ലിക പറഞ്ഞു. രാത്രി വൈകിയുള്ള പല്ലവിയുടെ ഫോണ്‍ വിളികളും തന്റെ സാമീപ്യത്തില്‍ പോലും അക്ബറുമായി ഏറെ അടുപ്പം കാണിക്കുന്ന അവരുടെ പെരുമാറ്റത്തിലൂടെയുമാണ് താന്‍ ഈ ബന്ധത്തെ കുറിച്ച് മനസ്സിലാക്കിയതെന്ന് മല്ലിക പറഞ്ഞു. 

Latest News