ന്യൂദൽഹി- റഫാൽ ഇടപാട് സംബന്ധിച്ച അഴിമതിയിൽനിന്ന് രക്ഷപ്പെടാൻ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് രക്ഷപ്പെടാനാകില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ ഇടപാടിൽ അനിൽ അംബാനിയുടെ മറ്റൊരു കടലാസ് കമ്പനി കൂടി കോടികൾ നിക്ഷപമായി സ്വീകരിച്ച രേഖകൾ പുറത്തു വന്ന സഹചര്യത്തിലാണ് രാഹുലിന്റെ പ്രസ്താവന വന്നത്. ഫ്രാൻസുമായി ഇന്ത്യ റഫാൽ പോർവിമാന കരാർ ഒപ്പിടുന്നതിനു പത്തു ദിവസം മുമ്പ് മാത്രം തട്ടിക്കൂട്ടിയ അംബാനിയുടെ റിലയൻസ് ഡിഫൻസിന് ഇന്ത്യയിൽ വിമാന നിർമ്മാണ കരാർ ലഭിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങൾ കെട്ടടങ്ങുന്നതിനു മുമ്പാണ് അംബാനിയുടെ മറ്റൊരു നിഷ്‌ക്രിയ കമ്പനി കൂടി ലാഭം കൊയ്ത വിവരം പുറത്തു വന്നത്. റഫാൽ പോർവിമാനങ്ങൾ നിർമ്മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷൻ അംബാനിയുടെ റിലയൻസ് എയർപോർട്ട് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് (ആർ.എ.ഡി.എൽ) എന്ന കമ്പനിയിൽ 333 കോടി രൂപ 2017ൽ നിക്ഷേപിച്ചതായി സർക്കാർ രേഖകൾ വ്യക്തമാക്കുന്നതായി ദി വയർ റിപോർട്ട് ചെയ്തു. റഫാൽ കരാർ ഒപ്പിട്ടതിനു ശേഷമാണ് ഈ നിക്ഷേപം. ലാഭം വട്ടപ്പൂജ്യമായ നഷ്ടത്തിലോടുന്ന ഈ കമ്പനി ഈ നിക്ഷേപത്തെ 284 കോടി രൂപയുടെ ലാഭമാക്കി മാറ്റി വമ്പൻ തിരിമറിയാണ് നടത്തിയത്.
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറൊനോട്ടിക്‌സിനെ തഴഞ്ഞ് റിലയൻസിന്റെ കടലാസു കമ്പനിക്ക് റഫാൽ ഇടപാടിൽ ഇടം കൊടുത്തതിന് പഴി കേട്ടു കൊണ്ടിരുന്ന മോഡി സർക്കാർ റിലയൻസിന്റെ പുതിയ കടലാസ് കമ്പനി റഫാൽ മറവിലുണ്ടാക്കിയ ലാഭക്കണക്ക് പുറത്തു വന്നതോടെ വെട്ടിലായിരിക്കുകയാണ്. സർക്കാർ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.