ജിദ്ദ - സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴ തുടരുന്നു. മക്കയില്‍ ഒഴുക്കില്‍ പെട്ട് രണ്ടു പേര്‍ മരിച്ചു. വാദി ബിന്‍ ഉമൈറിലാണ് 15 ഉം 18 ഉം പ്രായമുള്ളവര്‍ മുങ്ങിമരിച്ചത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തു. കുട്ടികള്‍ പ്രളയത്തില്‍ പെട്ടതായി രാവിലെ 11.10 നാണ് വിവരം ലഭിച്ചതെന്ന് മക്ക സിവില്‍ ഡിഫന്‍സ് വക്താവ് മേജര്‍ നായിഫ് അല്‍ശരീഫ് പറഞ്ഞു.
ജിദ്ദയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ പെയ്തു. ശക്തമായ കാറ്റു മൂലം ജിദ്ദ തുറമുഖം രാവിലെ അല്‍പനേരം അടച്ചിട്ടു. മഴയും കാറ്റും വിമാന സര്‍വീസുകളെ ബാധിച്ചില്ല.
മഴക്കു മുന്നോടിയായി ജിദ്ദയില്‍ ഇരുട്ടു മൂടി കാര്‍മേഘം പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കിഴക്കന്‍ ജിദ്ദയിലും ദക്ഷിണ ജിദ്ദയിലുമായിരുന്നു മഴ ഏറ്റവും ശക്തം. വലിയ തോതില്‍ ഈര്‍പ്പം ആവശ്യമുള്ളതിനാല്‍ ഉഷ്ണ മേഖലാ പ്രദേശങ്ങളില്‍ വളരെ അപൂര്‍വമായി മാത്രം പ്രത്യക്ഷപ്പെടുന്ന കാര്‍മേഘമാണ് ജിദ്ദയിലുണ്ടായതെന്ന് കാലാവസ്ഥാ വിദഗ്ധന്‍ ഹസന്‍ കറാനി പറഞ്ഞു.
മദീനയില്‍ പ്രളയത്തില്‍ വ്യാപക നഷ്ടങ്ങളുണ്ടായി. ആറു റോഡുകള്‍ പ്രളയത്തില്‍ തകര്‍ന്നു. മദീനയിലെ ദഅ, വാദി അല്‍ഫറഇലെ അല്‍മുദീഖ്, യാമ്പുവിലെ നബത്, ഖൈബറിലെ റൗദ ഉമ്മുല്‍ഉമര്‍, മഹ്ദുദ്ദഹബിലെ ഖുറൈദ, അല്‍സ്വല്‍ഹാനിയ റോഡുകളാണ് പ്രളയത്തില്‍ തകര്‍ന്നത്. പ്രളയത്തില്‍ കുടുങ്ങിയ 67 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. മദീനയിലെ അല്‍നുഖൈഅ, യത്മ ഗ്രാമങ്ങളില്‍ പ്രളയത്തില്‍ പെട്ട ആറു പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി.
തായിഫില്‍ അല്‍ഹദ റോഡ് മുന്‍കരുതലെന്നോണം സുരക്ഷാ വകുപ്പുകള്‍ അടച്ചു. ഇന്നലെ രാവിലെയാണ് റോഡ് അടച്ചത്. കനത്ത മഴയും മലയിടിച്ചിലും കാരണമാണ് തായിഫ്, മക്ക അല്‍കര്‍ (അല്‍ഹദ) റോഡ് അടച്ചത്. മജാരിദയിലെ സര്‍ബാനു കിഴക്ക് വാദി യബഹില്‍ ഒഴുക്കില്‍ പെട്ട് കാര്‍ തകര്‍ന്നു. താഴ്‌വര മുറിച്ചുകടക്കുന്നതിനിടെയാണ് സൗദി പൗരന്റെ കാര്‍ ഒഴുക്കില്‍ പെട്ടത്. ഇദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.
അല്‍ബാഹയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രളയത്തില്‍ പെട്ട 45 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. മഴക്കിടെ പ്രവിശ്യയില്‍ 93 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ബാഹയിലെ അല്‍ഹജ്‌റയിലും ബല്‍ജുര്‍ഷിയിലും മൂന്നു പേര്‍ പ്രളയത്തില്‍ മരിച്ചതായും അല്‍ബാഹ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ജംആന്‍ അല്‍ഗാംദി പറഞ്ഞു. മലവെള്ളപ്പാച്ചില്‍ മൂലം അല്‍ഖുര്‍മ-തുര്‍ബ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് മലവെള്ളപ്പാച്ചില്‍ മൂലം ഈ റോഡില്‍ ഗതാഗതം മുടങ്ങുന്നത്.
ക്യാപ്
മദീനയില്‍ പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍